ബെംഗളൂരു: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അനുഭവപ്പെടുന്ന കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കുമാണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുള്ളത്. ഉത്സവകാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
കണ്ണൂർ സർവീസ് നവംബർ ഏഴിന്
എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിൻ (06545) നവംബർ 7-ന് പുലർച്ചെ 12.05-ന് (നവംബർ 6 അർദ്ധരാത്രി) പുറപ്പെട്ട് അതേദിവസം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരിലെത്തും.
മടക്ക സർവീസ് (06546) നവംബർ 7-ന് വൈകുന്നേരം 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നവംബർ 8-ന് രാവിലെ 9.45-ന് എസ്.എം.വി.ടി ബെംഗളൂരുവിൽ എത്തിച്ചേരും.
തൂത്തുക്കുടി റൂട്ടിലെ സർവീസ് വിവരങ്ങൾ
ബാംഗ്ലൂർ കന്റോൺമെന്റിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ (06533) നവംബർ 6-ന് രാത്രി 9.45-ന് പുറപ്പെട്ട് നവംബർ 7-ന് ഉച്ചയ്ക്ക് 12.30-ഓടെ ലക്ഷ്യസ്ഥാനത്തെത്തും.
തൂത്തുക്കുടിയിൽ നിന്നുള്ള മടക്ക ട്രെയിൻ (06534) നവംബർ 7-ന് ഉച്ചകഴിഞ്ഞ് 3.30-ന് പുറപ്പെട്ട് നവംബർ 8-ന് പുലർച്ചെ 5.30-ന് ബാംഗ്ലൂർ കന്റോൺമെന്റിൽ യാത്ര അവസാനിപ്പിക്കും.
മുൻകൂട്ടി ബുക്ക് ചെയ്യാം
ഉത്സവ സീസണിൽ പതിവായി അനുഭവപ്പെടാറുള്ള ടിക്കറ്റ് ക്ഷാമത്തിനും തിരക്കിനും ഒരുപരിധിവരെ പരിഹാരം കാണാൻ ഈ സർവീസുകളിലൂടെ സാധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്രക്കാർ മുൻകൂട്ടി ബുക്കിംഗ് വിവരങ്ങൾക്കായി ഐ.ആർ.സി.ടി.സി വെബ്സൈറ്റോ ഔദ്യോഗിക ആപ്പുകളോ പരിശോധിക്കണമെന്നും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ അഭ്യർത്ഥിച്ചു.
