ബെംഗളൂരു: കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തെക്കുകിഴക്കൻ ബെംഗളൂരുവിലെ സർജാപ്പൂർ റോഡിൽ കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായ ബസ് സർവീസുകൾ വേണമെന്ന് യാത്രക്കാർ. മെച്ചപ്പെട്ട സേവനം ഉറപ്പുനൽകിയാൽ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകാൻ തങ്ങൾ തയ്യാറാണെന്ന് 75 ശതമാനത്തോളം യാത്രക്കാരും വ്യക്തമാക്കുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (BMTC) ‘സേവ് അവര് സർജാപ്പൂർ’ സംഘടനയും ചേർന്ന് നടത്തിയ സർവേയിലാണ് നിർണായക കണ്ടെത്തലുകൾ. സർജാപ്പൂർ മെട്രോ ലൈനിന്റെ നിർമ്മാണം അടുത്ത ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനിരിക്കെ, പ്രദേശത്തെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ സർവേ ഫലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
എസി, വൈഫൈ, പ്രീ-ബുക്കിങ് സൗകര്യങ്ങൾക്ക് പ്രിയം
മേഖലയിലെ 400 പേരിൽ നടത്തിയ സർവേയിൽ 73.1 ശതമാനം പേരും കോർപ്പറേറ്റ് ശൈലിയിലുള്ള പ്രീമിയം ബസ് സർവീസുകൾക്കായി അധിക തുക നൽകാൻ സന്നദ്ധത അറിയിച്ചു. എയർ കണ്ടീഷൻ, സുഖപ്രദമായ സീറ്റുകൾ, വൈഫൈ, കൃത്യമായ സമയക്രമം, മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് യാത്രക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. നിലവിലെ ബി.എം.ടി.സി ആപ്പിൽ ബസുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നും എസി ബസുകളുടെ കുറവും സർവീസുകളിലെ അനിശ്ചിതത്വവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഒ.ആർ.ആറിലെ ബെല്ലന്തൂർ/ഇബ്ലൂർ ജങ്ഷനും സർജാപ്പൂർ റോഡിലെ ബെല്ലന്തൂർ ഗേറ്റും തമ്മിൽ നേരിട്ട് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ യാത്രക്കാർ ഒരു കിലോമീറ്ററോളം നടക്കേണ്ടി വരുന്നതും ഹരലൂർ റോഡിലെ ബസ് സ്റ്റോപ്പുകളിലെ ആശയക്കുഴപ്പവും പ്രധാന പ്രശ്നങ്ങളായി സർവേയിൽ ഉയർന്നുവന്നു.
എയർപോർട്ട് സർവീസിനും പൈലറ്റ് പ്രൊജക്ടുകൾക്കും നിർദേശം
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കും പ്രീമിയം ബസ് സർവീസുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. സർവേയിൽ പങ്കെടുത്ത 91.9% പേർ എയർപോർട്ടിലേക്കും 82.2% പേർ തിരിച്ചുമുള്ള യാത്രയ്ക്ക് പ്രീമിയം ബി.എം.ടി.സി (KIA) ബസുകൾ ഉപയോഗിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഇതിനായി പ്രീ-ബുക്കിങ് സൗകര്യത്തോടെ ഘട്ടംഘട്ടമായി ഒരു ബസ് സർവീസ് എങ്കിലും ആരംഭിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടാതെ ഒ.ആർ.ആർ വഴി ഹൊസ റോഡ്, ഹരലൂർ റോഡ് എന്നിവിടങ്ങളിലേക്കും മുതനല്ലൂർ-ദൊമ്മസന്ദ്ര റൂട്ടുകളിലും പൈലറ്റ് സർവീസുകൾ തുടങ്ങാനും നിർദേശമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
