ബെംഗളൂരുവിൽ നിന്ന് ഇനി നേരിട്ട് കാനഡയിലേക്ക് പറക്കാം; വ്യോമയാന രംഗത്ത് ചരിത്രം കുറിച്ച് കെംപഗൗഡ വിമാനത്താവളം; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവും (KIA) കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളവും (YVR) തമ്മിൽ പ്രവർത്തനം, സാങ്കേതികവിദ്യ, ചരക്ക് ഗതാഗതം എന്നിവയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ‘സിസ്റ്റർ എയർപോർട്ട്’ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബെംഗളൂരുവിനും വാൻകൂവറിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനും ഈ പങ്കാളിത്തം വഴിമരുന്നിടും.

ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നടന്ന ചടങ്ങിൽ കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധുവിന്റെയും ഇരു വിമാനത്താവളങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കരാർ പ്രഖ്യാപിച്ചത്. സ്മാർട്ട് എയർപോർട്ട് സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വിവര വിശകലനം അധിഷ്ഠിത തീരുമാനങ്ങൾ, സുസ്ഥിര പ്രവർത്തനങ്ങൾ തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലാണ് ഇരു വിമാനത്താവളങ്ങളും സഹകരിക്കുന്നത്. ഇതിനുപുറമേ വാൻകൂവർ വിമാനത്താവളത്തിന്റെ ഭൗതിക ഘടനയുടെ ഡിജിറ്റൽ രൂപം സൃഷ്ടിക്കുന്ന ‘ഡിജിറ്റൽ ട്വിൻ’ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സംരംഭങ്ങളിൽ ഇരു സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കും.

ലോകോത്തര രീതികൾ പരസ്പരം സ്വീകരിക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിരീഷ് നായർ വ്യക്തമാക്കി. വാൻകൂവറിന്റെ അന്താരാഷ്ട്ര പ്രാധാന്യവും ബെംഗളൂരുവിന്റെ മുൻനിര ഏവിയേഷൻ ഹബ് എന്ന പദവിയും ഉപയോഗപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പുതിയ ശേഷികൾ വികസിപ്പിക്കുന്നതിൽ ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കരാർ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുമെന്ന് കനേഡിയൻ മന്ത്രി മനിന്ദർ സിദ്ധു പറഞ്ഞു. സാങ്കേതിക മേഖലയിലെയും മറ്റ് വ്യവസായങ്ങളിലെയും വളർച്ച മുൻനിർത്തി വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. 2025-ൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10.9 ബില്യൺ ഡോളറിന് മുകളിലായിരുന്നു. 2025-ൽ ബെംഗളൂരു വിമാനത്താവളം 4.44 കോടി യാത്രക്കാരെയും 5.32 ലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്തപ്പോൾ, വാൻകൂവർ വിമാനത്താവളം 2.69 കോടി യാത്രക്കാരെയും 3.65 ലക്ഷം ടൺ ചരക്കുമാണ് കൈകാര്യം ചെയ്തത്. ഈ വളർച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ സഹകരണത്തിന് ഇരു വിമാനത്താവളങ്ങളും തുടക്കമിട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts