റോസ്മെർട്ടയ്ക്ക് തിരിച്ചടി: ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് നൽകാൻ വൈകിയതിന് ബെംഗളൂരു ഉപഭോക്തൃ കോടതി പിഴയിട്ടു

ബെംഗളൂരു: ഓൺലൈനായി ഓർഡർ ചെയ്ത ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) നൽകുന്നതിൽ ഗുരുതരമായ അശ്രദ്ധ കാണിച്ച ‘റോസ്മെർട്ട സേഫ്റ്റി സിസ്റ്റംസ്’ എന്ന കമ്പനിക്ക് ബെംഗളൂരു ഉപഭോക്തൃ കോടതി 5,000 രൂപ പിഴ ചുമത്തി. സേവനത്തിലെ വീഴ്ചയ്ക്കും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരമായാണ് കോടതി നടപടി.

യെലഹങ്ക സ്വദേശിയായ അമോഗ് ജി.എം. 2024 മാർച്ച് 2-നാണ് 761 രൂപ നൽകി ഓൺലൈനായി HSRP നമ്പർ പ്ലേറ്റിനായി ഓർഡർ സമർപ്പിച്ചത്. എന്നാൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാനായി നിർദ്ദിഷ്ട ഡീലറുടെ അടുത്തെത്തിയപ്പോൾ പ്ലേറ്റ് അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മാസങ്ങളോളം അമോഗ് കമ്പനിയുടെ കസ്റ്റമർ സർവീസ് സെന്ററുമായും ഡീലർമാരുമായും ബന്ധപ്പെട്ടെങ്കിലും പ്ലേറ്റ് ലഭ്യമാക്കാതെ കമ്പനി സമയം നീട്ടിക്കൊണ്ടുപോയി.

സർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ഓർഡർ നൽകി 16 മാസത്തോളം കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ ഉപഭോക്താവ് നിയമനടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് 2025 ജൂലൈ 12-ന് കമ്പനി നമ്പർ പ്ലേറ്റുകൾ എത്തിച്ചുനൽകാൻ തയ്യാറായത്.

കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്ക്കെതിരെ അമോഗ് ബെംഗളൂരു സിറ്റി സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ച കമ്മീഷൻ ചെയർപേഴ്‌സൺ അനുരാധ വി., അംഗം സവിത ഐറാനി എന്നിവരടങ്ങിയ ബെഞ്ച്, ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചതിനും മാനസികമായി ബുദ്ധിമുട്ടിച്ചതിനും 3,000 രൂപ നഷ്ടപരിഹാരമായും 2,000 രൂപ കോടതി ചെലവായും നൽകാൻ റോസ്മെർട്ട സേഫ്റ്റി സിസ്റ്റംസിനോട് ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts