ബെംഗളൂരു: ഉപജീവനത്തിനും വിദ്യാഭ്യാസത്തിനുമായി ബെംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് കുടിയേറുന്നവർ തുടക്കത്തിൽ നേരിടുന്ന ഏകാന്തതയും പിന്നീട് ആ നഗരത്തോട് തോന്നുന്ന ആത്മബന്ധവും തുറന്നുപറയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
തുടക്കത്തിൽ താൻ ഏറെ വെറുത്തിരുന്ന ബെംഗളൂരു നഗരം ഇന്ന് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും, ഈ നഗരം വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് റിയ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നത്. നഗരവാസികളുടെയും നെറ്റിസൺസിന്റെയും ഹൃദയം കവർന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
‘ബാംഗ്ലൂർ ഈസ് എ വൈബ്’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് റിയ നഗരവുമായുള്ള തന്റെ വൈകാരിക മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നത്. ആദ്യമായി ബെംഗളൂരുവിൽ എത്തിയപ്പോൾ നഗരത്തോട് കടുത്ത വിമുഖത തോന്നിയിരുന്നുവെന്ന് യുവതി പറയുന്നു. അത് നഗരത്തിന്റെ കുറ്റമല്ലായിരുന്നുവെന്നും, മറിച്ച് തനിക്ക് അവിടെ സുഹൃത്തുക്കളോ പരിചിതമായ സാഹചര്യങ്ങളോ ഇല്ലാതിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
എന്നാൽ കാലക്രമേണ ഈ നഗരം തന്നെ സ്വാധീനിക്കാൻ തുടങ്ങി. മറ്റ് നഗരങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ പോലും ബെംഗളൂരു നൽകിയ ആത്മബന്ധം ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. നിലവിൽ ഒന്നോ രണ്ടോ സുഹൃത്തുക്കൾ മാത്രമാണ് തനിക്കിവിടെയുള്ളതെന്നും അവരെപ്പോലും വല്ലപ്പോഴുമേ കാണാറുള്ളൂവെന്നും വ്യക്തമാക്കുന്ന യുവതി, ഒരു സോളോ ഡേറ്റിംഗിനിടയിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും കൂട്ടിച്ചേർത്തു. നമ്മൾ താമസിക്കുന്ന ഓരോ വീടും നഗരവും നമ്മുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കാനാണ് താൻ ആഗ്രഹിച്ചതെന്നും റിയ പറയുന്നു.
യുവതിയുടെ പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി നെറ്റിസൺസാണ് രംഗത്തെത്തുന്നത്. ആദ്യമൊക്കെ ഈ നഗരം അപരിചിതമായി തോന്നിയെങ്കിലും പതുക്കെ ബെംഗളൂരു തങ്ങളെ കീഴടക്കുകയായിരുന്നുവെന്ന് പലരും കുറിച്ചു. സ്വന്തം ജന്മനാടിനേക്കാൾ കൂടുതൽ അടുപ്പവും സുരക്ഷിതത്വവും ഇപ്പോൾ ഈ നഗരത്തോട് തോന്നുന്നുണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. പുതിയതായി നഗരത്തിലെത്തുന്ന ഏതൊരാൾക്കും പ്രത്യാശ നൽകുന്നതാണ് ഈ വീഡിയോയെന്നും നെറ്റിസൺസ് കുറിക്കുന്നു.
