ബെംഗളൂരു: പരിചയക്കാരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേരെ രാമനഗര സെൻ (CEN) പോലീസ് അറസ്റ്റ് ചെയ്തു. കഗ്ഗലിപുര സ്വദേശികളായ കിരൺ കുമാർ, ആദിത്യ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എൻ.സി.ആർ.പി (NCRP) പോർട്ടൽ വഴി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ സി.ഐ.ഡി നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ (CSAM) അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംഭവം നടന്നത് കഗ്ഗലിപുരയിലാണെന്ന് സ്ഥിരീകരിക്കുകയും, പോലീസ് ഇരകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചിത്രദുർഗ ജില്ലയിലെ യമ്മനഗട്ടി ഗ്രാമത്തിൽ നിന്നുള്ള കിരൺ കുമാർ 50 ഓളം ആടുകളുമായി മേയ്ക്കുന്നതിനായി കഗ്ഗലിപുരയിൽ എത്തിയതായിരുന്നു. കനകപുര റോഡിലെ ഒരു റിസോർട്ടിൽ നീന്തൽക്കുളം വൃത്തിയാക്കുന്ന ജീവനക്കാരനാണ് മറ്റൊരു പ്രതിയായ ആദിത്യ. ബന്ധുക്കളായ ഇരുവരും ആടുകളെ മേയ്ക്കുന്നതിനിടയിലാണ് ഇരകളായ പെൺകുട്ടികളുടെ കുടുംബവുമായി സൗഹൃദത്തിലാകുന്നത്. ഈ പരിചയം മുതലെടുത്ത് 13-ഉം 15-ഉം വയസ്സുള്ള പെൺകുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച പ്രതികൾ, അവ ഗൂഗിൾ ഡ്രൈവ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇതാണ് എൻ.സി.ആർ.പി പോർട്ടലിന്റെ നിരീക്ഷണത്തിൽ പെട്ടതും പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ ജയിലിലേക്ക് അയച്ചിട്ടുണ്ട്.
സാധാരണയായി ഇത്തരം കേസുകളിൽ ഇന്റർനെറ്റിൽ നിന്നോ മറ്റ് ഉറവിടങ്ങളിൽ നിന്നോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നവരാണ് പിടിയിലാകാറുള്ളതെന്ന് ഡിജിപി (സൈബർ കമാൻഡ്) അറിയിച്ചു. എന്നാൽ, പ്രതികൾ തന്നെ നേരിട്ട് അതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്ത അപൂർവ്വമായ കേസുകളിൽ ഒന്നാണിതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
