ബെംഗളൂരു: വാട്സാപ്പിലൂടെ ലഭിച്ച വ്യാജ കല്യാണക്കുറി (Wedding Invitation) ഡൗൺലോഡ് ചെയ്ത ഫർണിച്ചർ വ്യാപാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരുവിലെ നായണ്ഡഹള്ളി സ്വദേശിയായ 42-കാരനാണ് സൈബർ തട്ടിപ്പിനിരയായത്. സുഹൃത്തിന്റെയോ പരിചയക്കാരന്റെയോ നമ്പറിൽ നിന്ന് ലഭിച്ച ഫയൽ ആണെന്ന് കരുതി തുറന്നതാണ് വലിയ ചതിക്കുഴിയിലേക്ക് നയിച്ചത്.
“Wedding Apk File Invitation” എന്ന പേരിൽ ലഭിച്ച ഒരു എപികെ (APK) ഫയലാണ് ഇയാൾ ഫോണിൽ ഡൗൺലോഡ് ചെയ്തത്. കല്യാണക്കുറി കാണാനായി ഫയൽ തുറന്ന ഉടൻ തന്നെ തട്ടിപ്പുകാർക്ക് ഇയാളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം (Remote Access) ലഭിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോണിലെ ബാങ്കിംഗ് ആപ്ലിക്കേഷനുകളും വ്യക്തിഗത വിവരങ്ങളും ഇത്തരത്തിൽ സൈബർ ക്രിമിനലുകൾ ചോർത്തുകയായിരുന്നു.
ഫയൽ തുറന്ന് നിമിഷങ്ങൾക്കകം ഇയാളുടെ അക്കൗണ്ടിൽ നിന്നും പണം പലതവണയായി പിൻവലിക്കപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഉടൻ തന്നെ ഇയാൾ പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ (BNS) വഞ്ചനാക്കുറ്റം (സെക്ഷൻ 318), ഐടി ആക്ടിലെ ആൾമാറാട്ടം, തിരിച്ചറിയൽ രേഖകൾ മോഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാട്സാപ്പ്, എസ്എംഎസ്, ഇമെയിൽ എന്നിവയിലൂടെ ലഭിക്കുന്ന അപരിചിതമായ എപികെ ഫയലുകളോ ലിങ്കുകളോ യാതൊരു കാരണവശാലും തുറക്കരുതെന്ന് സൈബർ വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. പരിചയക്കാരുടെ നമ്പറുകളിൽ നിന്നുപോലും ഇത്തരം വ്യാജ ലിങ്കുകൾ വരാൻ സാധ്യതയുണ്ട്. കല്യാണക്കുറി, കൊറിയർ ലിങ്ക്, ബാങ്ക് അലർട്ടുകൾ എന്ന വ്യാജേന സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന സംഘങ്ങൾ വർദ്ധിച്ചുവരുന്നതായും പോലീസ് മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]