കൊച്ചി: സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കാൻ കൊച്ചി നഗരസഭ ആരംഭിച്ച ഇന്ദിര കന്റീന് പ്രവർത്തനമാരംഭിച്ച ആദ്യ ദിനം തന്നെ വൻ തിരക്ക്. ഇടപ്പള്ളി സോണൽ ഓഫിസിൽ പ്രവർത്തിക്കുന്ന കന്റീനിൽ നിന്ന് 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണവുമാണ് ആദ്യദിനം വിറ്റഴിച്ചത്. ഒരു ദിവസത്തെ മുഴുവൻ ഭക്ഷണം വെറും 50 രൂപയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കന്റീൻ വിഭാവനം ചെയ്തിരിക്കുന്നത്.
നഗരസഭയുടെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’യുടെ നോർത്ത് അടുക്കളയിൽ നിന്നാണ് ഇന്ദിര കന്റീനിലേക്ക് ഭക്ഷണം എത്തിക്കുന്നത്. പദ്ധതിയുടെ വൻ വിജയം കണക്കിലെടുത്ത് അടുത്ത ഘട്ടമായി പശ്ചിമ കൊച്ചിയിലേക്കും കന്റീൻ വ്യാപിപ്പിക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്. പള്ളുരുത്തി ഭാഗത്താകും പുതിയ കന്റീൻ വരിക.
പ്രതിസന്ധിക്കിടയിലും തളരാതെ സമൃദ്ധി; പാചകം വിറകടുപ്പിലേക്ക്
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ കുറവ് മറികടക്കാൻ സമൃദ്ധിയിലെ അടുക്കളകളിൽ വിറകടുപ്പുകൾ സജീവമാക്കി. പ്രതിദിനം 25 മുതൽ 30 വരെ സിലിണ്ടറുകൾ ആവശ്യമുണ്ടെങ്കിലും നിലവിൽ ഇരുപതിൽ താഴെ സിലിണ്ടറുകൾ മാത്രമാണ് ലഭ്യമാകുന്നത്. ചില ദിവസങ്ങളിൽ സിലിണ്ടറുകൾ തീരെ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
ഈ പ്രതിസന്ധി പരിഹരിക്കാനായി നിലവിൽ ഏഴ് വിറകടുപ്പുകളിലാണ് പാചകം നടക്കുന്നത്. പാകമാകാൻ കൂടുതൽ സമയമെടുക്കുന്ന വിഭവങ്ങളാണ് വിറകടുപ്പിലേക്ക് മാറ്റിയത്. പ്രതിസന്ധികൾക്കിടയിലും കുറഞ്ഞ നിരക്കിൽ നഗരവാസികൾക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]