ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ സമാപന പരിപാടികൾക്കുള്ള ഗോൾഡ് കാർഡുകളുടെയും ടിക്കറ്റുകളുടെയും ഓൺലൈൻ വിൽപ്പന ആരംഭിച്ചു. ജംബൂ സവാരി, ടോർച്ച്ലൈറ്റ് പരേഡ്, ഡ്രോൺ ഷോ എന്നീ പ്രധാന ആകർഷണങ്ങൾക്കുള്ള ടിക്കറ്റുകളാണ് ഔദ്യോഗിക മൈസൂരു ദസറ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കുകൾ തന്നെയാണ് ഇത്തവണയും തുടരുന്നത്. ടിക്കറ്റ് നിരക്കിൽ വർധനവൊന്നും വരുത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണറുടെയും ദസറ സ്പെഷ്യൽ ഓഫീസറുടെയും കാര്യാലയം വ്യക്തമാക്കി. ഒരു ഗോൾഡ് കാർഡോ ടിക്കറ്റോ ഉപയോഗിച്ച് ഒരാൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഗോൾഡ് കാർഡിന് 6,500 രൂപയാണ് വില. ജംബൂ സവാരി കാണുന്നതിനുള്ള ടിക്കറ്റിന് 3,500 രൂപയും ടോർച്ച്ലൈറ്റ് പരേഡിന് 1,500 രൂപയുമാണ് നിരക്ക്. പുതുതായി ഉൾപ്പെടുത്തിയ ഡ്രോൺ ഷോ കാണുന്നതിന് ഒരാൾക്ക് 1,000 രൂപയുടെ ടിക്കറ്റും ലഭ്യമാണ്.
ഗോൾഡ് കാർഡ് വാങ്ങുന്നവർക്ക് ജംബൂ സവാരി, ടോർച്ച്ലൈറ്റ് പരേഡ്, ഡ്രോൺ ഷോ എന്നിവ കാണാൻ സാധിക്കുന്നതിന് പുറമെ മൈസൂരു മൃഗശാല, മൈസൂരു കൊട്ടാരം, ചാമുണ്ഡി ഹിൽസ് എന്നിവിടങ്ങളിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും. സമാപന ആഘോഷങ്ങൾക്ക് മുന്നോടിയായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പാപ്പാന്മാരുടെയും മേൽനോട്ടത്തിൽ ദസറ ആനകളുടെ പരേഡ് പരിശീലനവും മൈസൂരിവിൽ സജീവമായി നടക്കുന്നുണ്ട്.
