കോളുകൾക്ക് കാത്തിരിക്കേണ്ട; കെമ്പെഗൗഡ വിമാനത്താവളത്തിൽ വരാനിരിക്കുന്നത് ഈ പുതിയ സംവിധാനം ഇതാണ്

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) ഐ.വി.ആർ.എസ് (Interactive Voice Response System) സംവിധാനം പരിഷ്കരിക്കുന്നു. ഫോൺ വിളിക്കുന്ന യാത്രക്കാർക്ക് മുൻകൂട്ടി റെക്കോർഡ് ചെയ്ത ശബ്ദ നിർദേശങ്ങളിലൂടെയും കീപാഡ് അമർത്തുന്നതിലൂടെയും വിമാന സമയം, മറ്റ് വിമാനത്താവള വിവരങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് ഫോൺ സാങ്കേതികവിദ്യയാണ് ഐ.വി.ആർ.എസ്.

നിലവിൽ 080-6678555, 080-47406666 എന്നീ ഫോൺ നമ്പറുകൾ വഴിയാണ് വിമാനത്താവളത്തിലെ വിവര അന്വേഷണങ്ങൾക്കും നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കുമായി ഐ.വി.ആർ.എസ് സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ പ്രതിദിനം വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചതും പുതിയ ടെർമിനലുകളുടെ വികസനവുമാണ് സംവിധാനം കൂടുതൽ നവീകരിക്കാൻ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ (BIAL) പ്രേരിപ്പിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

പുതിയ സ്മാർട്ട് ഐ.വി.ആർ.എസ് നിലവിൽ വരുന്നതോടെ കോൾ സെന്റർ ജീവനക്കാരുടെ ജോലിഭാരം കുറയുകയും കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് സാധിക്കുകയും ചെയ്യും. നിലവിൽ പ്രതിദിനം പരമാവധി 400 കോളുകളും തിരക്കുള്ള സമയങ്ങളിൽ (Peak Hours) മണിക്കൂറിൽ 100 കോളുകളുമാണ് വിമാനത്താവളത്തിൽ സ്വീകരിക്കാൻ സാധിക്കുന്നത്. എന്നാൽ പുതിയ സംവിധാനം വഴി പ്രതിദിനം കുറഞ്ഞത് 600 കോളുകളും തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ 150 കോളുകളും വരെ കൈകാര്യം ചെയ്യാൻ സാധിക്കും.

ഒരു ബാഹ്യ ഏജൻസിയെ ചുമതലപ്പെടുത്തി വിമാനത്താവളത്തിലെ നിലവിലെ ആവശ്യകതകളെക്കുറിച്ച് പഠനം നടത്തിയാകും പുതിയ സാങ്കേതികവിദ്യകൾ സജ്ജീകരിക്കുക. പുതിയ ഐ.വി.ആർ.എസ് വരുന്നതോടെ യാത്രക്കാരുടെ പരാതികൾക്കും വിവര അന്വേഷണങ്ങൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കും. അടിയന്തര സ്വഭാവമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ 15 മിനിറ്റിനുള്ളിലും, മറ്റ് പ്രധാന വിഷയങ്ങൾ രണ്ട് മണിക്കൂറിനുള്ളിലും, സാധാരണ പരാതികൾ 48 മണിക്കൂറിനുള്ളിലും പരിഹരിക്കാൻ സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts