ബെംഗളൂരു: ബെംഗളൂരുവിലെ സ്വത്ത് നികുതി അടവുകൾക്ക് പുറമെ, ഇ-ഖാത, ബി-ഖാതയിൽ നിന്ന് എ-ഖാതയിലേക്കുള്ള മാറ്റം, പുതിയ ഖാത, ലേഔട്ട് ഖാത തുടങ്ങിയ വിവിധ തദ്ദേശീയ സേവനങ്ങൾക്കും ഉപയോക്താക്കളിൽ നിന്ന് സോഫ്റ്റ്വെയർ സേവന ഫീസ് ഈടാക്കാൻ അഞ്ച് സിറ്റി കോർപ്പറേഷനുകളും തീരുമാനിച്ചു. ഡിജിറ്റൽ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഈ തുക ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും (ജി.ബി.എ) കോർപ്പറേഷനുകളുടെയും സാങ്കേതിക സൗകര്യങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായാണ് ഉപയോഗിക്കുക.
നേരത്തെ പുറത്തുവന്ന വിവരങ്ങളനുസരിച്ച് സ്വത്ത് നികുതി ഇടപാടുകൾക്ക് റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് 200 രൂപയും നോൺ-റസിഡൻഷ്യൽ അല്ലെങ്കിൽ മിക്സഡ് കെട്ടിടങ്ങൾക്ക് 1000 രൂപയുമാണ് ഫീസ്. ഇത് കൂടാതെ മറ്റ് ഡിജിറ്റൽ സേവനങ്ങൾക്കും ഏകീകൃത നിരക്കുകൾ ഈടാക്കാനാണ് കോർപ്പറേഷനുകളുടെ തീരുമാനം. ആവശ്യാനുസരണം മറ്റ് ഓൺലൈൻ സേവനങ്ങൾക്കും 200 രൂപയോ കമ്മീഷണർമാർ നിർദ്ദേശിക്കുന്ന തുകയോ ഫീസായി ഈടാക്കാം. ഈ തുക വഴി പ്രതിവർഷം 75 കോടി മുതൽ 100 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.

സോഫ്റ്റ്വെയർ പരിപാലനം, ഡാറ്റ മാനേജ്മെന്റ്, പരാതി പരിഹാര സംവിധാനങ്ങൾ, ജി.ഐ.എസ് ഇൻ്റഗ്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ കണ്ടെത്തുന്നതിനാണ് ഈ ഫീസ് ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. മുൻകാലങ്ങളിൽ സ്വത്ത് നികുതി വിഹിതത്തിൽ നിന്നാണ് ഇത്തരം സാങ്കേതിക ചെലവുകൾ കണ്ടെത്തിയിരുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൗൺസിലർമാർ വരുന്നതോടെ ഐ.ടി ആവശ്യങ്ങൾക്ക് സ്വത്ത് നികുതി തുക ഉപയോഗിക്കാൻ തടസ്സമുണ്ടാകാതിരിക്കാനാണ് വരുമാനശേഖരണം വെവ്വേറെയാക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, പുതിയ ഫീസ് ഈടാക്കൽ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവിൽ ഖാത ലഭിക്കുന്നതിനായി ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാതെയും കൈക്കൂലി തടയാതെയും അധിക ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രതിനിധികൾ ആരോപിക്കുന്നു. കെട്ടിടങ്ങളുടെ വലുപ്പ വ്യത്യാസമില്ലാതെ വലിയ ഷോപ്പിംഗ് മാളുകൾക്കും ചെറിയ കടകൾക്കും ഒരുപോലെ 1000 രൂപ ഫീസ് നിശ്ചയിച്ചത് ശാസ്ത്രീയമല്ലെന്നും സർക്കാരിന്റെ മുൻകൂറാനുമതിയില്ലാതെ ഇത്തരമൊരു ഫീസ് നടപ്പാക്കാൻ കോർപ്പറേഷനുകൾക്ക് അധികാരമില്ലെന്നും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാണിക്കുന്നു.
