ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം: മനഃപൂർവമുള്ള തീവെപ്പാണെന്ന് റെയിൽവേ പൊലീസ്; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമല്ലെന്നും മനഃപൂർവം തീയിട്ടതാണെന്നും റെയിൽവേ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാസിക് സ്വദേശിയായ രവി ബോറാക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച ശേഷമാണ് കോച്ചിന് തീയിട്ടതെന്ന് റെയിൽവേ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അഗ്നിക്കിരയായി കോച്ച്

കഴിഞ്ഞ ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. മജസ്റ്റിക് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിലാണ് വലിയ രീതിയിൽ തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കോച്ച് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഷോർട്ട് സർക്യൂട്ട് സംശയം മാറി അട്ടിമറി തെളിഞ്ഞു

തുടക്കത്തിൽ ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തം ഉണ്ടായതെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് റെയിൽവേ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് മനഃപൂർവം തീ കൊളുത്തിയതാണെന്ന വിവരവും പ്രതിയുടെ പങ്കും പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ റെയിൽവേ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts