യുവതിയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവം: ശിക്ഷാകാലാവധി കഴിഞ്ഞാൽ ഷു​ഗർ ഡാഡിയെ കൊല്ലുമെന്ന് പ്രതി

ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിൽ ഭാര്യ റിയ താലൂക്ദാറിനെ (25) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഗോ സ്വാമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസിൽ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഭീഷണിയുമായി രംഗത്തെത്തിയത്.

ശിക്ഷാകാലാവധി പൂർത്തിയാക്കി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഭാര്യയുടെ ‘ഷുഗർ ഡാഡി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയെ വധിക്കുമെന്നാണ് ഗോസ്വാമി അസമീസ് ഭാഷയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ആ വ്യക്തി ആരാണെന്ന് കൂടുതൽ വ്യക്തമാക്കാൻ ആവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് പ്രതി ക്ഷുഭിതനാവുകയും മോശമായി പെരുമാറുകയും ചെയ്തു. ചെയ്ത കാര്യത്തിൽ തനിക്ക് യാതൊരു പശ്ചാത്താപമോ മാപ്പപേക്ഷയോ ഇല്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ഫ്രിഡ്ജിൽ തല കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി

സെപ്റ്റംബർ 6-നാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിയുന്നത്. ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതികളെ രണ്ട് ദിവസമായി പുറത്തുകാണാനില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.

തുടർന്ന് പോലീസ് പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോൾ ജീർണ്ണിച്ച അവസ്ഥയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്ന മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അപ്പാർട്ട്മെന്റിലെ ഫ്രിഡ്ജിനുള്ളിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ച നിലയിൽ മുറിച്ചുമാറ്റിയ തല കണ്ടെത്തിയത്.

പോലീസ് അന്വേഷണം ശക്തമാക്കി

സംഭവത്തിന് ശേഷം ഒളിവിൽ പോയ രാമാനുജ് ഗോസ്വാമി ഞായറാഴ്ച രാത്രിയോടെ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കേസിൽ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

തർക്കത്തിനിടയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് റിയയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതി പരാമർശിച്ച ‘ഷുഗർ ഡാഡി’ ആരാണെന്നും കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണവും പോലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലപ്പെട്ട റിയ താലൂക്ദാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts