ഈ വാഹനങ്ങൾക്ക് ഇനി ന​ഗരത്തിലെ 5 ഫ്ലൈഓവറുകളിൽ കയറാനാവില്ല; നിർണായക മാറ്റങ്ങൾ സെപ്റ്റംബർ 4 മുതൽ!

ബെംഗളൂരു: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് ഫ്ലൈ ഓവറുകളിലും എലവേറ്റഡ് കോറിഡോറുകളിലും നിശ്ചിത വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പൊലീസ് (ബി.ടി.പി) ഉത്തരവിറക്കി. സെപ്റ്റംബർ 4 മുതൽ ഘട്ടങ്ങളായാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.

മൈസൂരു റോഡിലെ ബി.ജി.എസ് (സിർസി സർക്കിൾ) ഫ്ലൈ ഓവർ, പീന്യ ഫ്ലൈ ഓവർ, ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് എക്സ്പ്രസ് വേ, സിൽക്ക് ബോർഡിനും രാഗിഗുഡ്ഡയ്ക്കുമിടയിലുള്ള മെട്രോ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ, സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള ബെല്ലാരി റോഡ് (എയർപോർട്ട് റോഡ്) ഫ്ലൈ ഓവർ എന്നിവയിലാണ് നിയന്ത്രണം.

സിർസി സർക്കിൾ, പീന്യ, ഡബിൾ ഡെക്കർ, എയർപോർട്ട് റോഡ് ഫ്ലൈ ഓവറുകളിലെ നിയന്ത്രണങ്ങൾ സെപ്റ്റംബർ 4 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വേയിലെ നിയന്ത്രണങ്ങൾ സെപ്റ്റംബർ 11 മുതലാണ് നടപ്പിലാക്കുക.

ഫ്ലൈ ഓവറുകളിലെ നിയന്ത്രണങ്ങൾ താഴെ പറയുന്ന വിധത്തിലാണ്:

  • സിർസി സർക്കിൾ ഫ്ലൈ ഓവർ: വലിയ ചരക്കുവാഹനങ്ങൾക്ക് 24 മണിക്കൂറും പ്രവേശനം വിലക്കി. ത്രീ വീലർ ചരക്ക് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള മറ്റ് ചരക്കുവാഹനങ്ങൾക്ക് രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയുമാണ് നിയന്ത്രണം.

  • പീന്യ ഫ്ലൈ ഓവർ: പാസഞ്ചർ ഓട്ടോറിക്ഷകൾക്കും ത്രീ വീലർ ചരക്ക് ഓട്ടോറിക്ഷകൾക്കും 24 മണിക്കൂറും വിലക്കേർപ്പെടുത്തി. വലിയ, ഇടത്തരം ചരക്കുവാഹനങ്ങൾക്ക് രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ പ്രവേശനം ഉണ്ടാകില്ല.

  • ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് എക്സ്പ്രസ് വേ: വലിയതും ചെറുതുമായ എല്ലാത്തരം ചരക്കുവാഹനങ്ങൾക്കും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവേശനമില്ല. ഇരുചക്രവാഹനങ്ങൾ, പാസഞ്ചർ ഓട്ടോറിക്ഷകൾ, ത്രീ വീലർ ചരക്ക് ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് 24 മണിക്കൂറും സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി.

  • മെട്രോ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ: വലിയ ചരക്കുവാഹനങ്ങൾക്ക് 24 മണിക്കൂറും പ്രവേശനവിലക്ക് ഉണ്ടാകും.

  • എയർപോർട്ട് റോഡ് എലവേറ്റഡ് കോറിഡോർ: ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 24 മണിക്കൂറും വിലക്കുണ്ട്. എല്ലാവിധ ചരക്കുവാഹനങ്ങൾക്കും രാവിലെ 6 മുതൽ രാത്രി 10 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫ്ലൈ ഓവറുകളിൽ വിവിധ വാഹനങ്ങളുടെ വേഗതയിലുണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്താണ് ട്രാഫിക് പൊലീസിന്റെ ഈ നടപടി. റോഡുകളുടെ ഘടനയും വീതിയും, അപകടങ്ങളുടെ തീവ്രത, വാഹനങ്ങൾ കേടാകുന്നത് മൂലമുണ്ടാകുന്ന തടസ്സങ്ങൾ, എൻട്രി-എക്സിറ്റ് പോയിന്റുകളിലെ ഗതാഗതക്കുരുക്ക്, കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനമെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts