ബെംഗളൂരു : പൊതുഗതാഗത രംഗത്തെ മികച്ച നവീകരണത്തിന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബി.എം.ടി.സി.) ‘ചേഞ്ച് മേക്കർ പുരസ്കാരം’ ലഭിച്ചു. ഒക്ടോബർ 8-ന് ബംഗളൂരുവിൽ സംഘടിപ്പിച്ച മൊബിലിറ്റി സിമ്പോസിയം 2026-ലാണ് ‘ഇന്നൊവേഷൻ ഇൻ പബ്ലിക് ട്രാൻസിറ്റ്’ വിഭാഗത്തിൽ ബി.എം.ടി.സി. ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളെ ആധുനികവൽക്കരിക്കാനും, ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനും, പരിസ്ഥിതി സൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ബി.എം.ടി.സി.യുടെ നിരന്തര പ്രവൃത്തികൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. വിമാനത്താവള സർവീസുകൾ, നൈസ് (NICE) റോഡ് വഴിയുള്ള സർവീസുകൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള യാത്രക്കാരുടെ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബി.എം.ടി.സി.യുടെ വികസന പദ്ധതികൾ പ്രത്യേകമായി വിലയിരുത്തപ്പെട്ടു.
കോർപ്പറേഷനു വേണ്ടി പബ്ലിക് റിലേഷൻസ് ഓഫീസർ സുനിത ജെ. ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
