കോരമംഗലയിലെ പ്രമുഖ മാളിലെ 6 ഫുഡ് കോർട്ടുകൾക്ക് പിഴ; സബ്‌വേയും ടാക്കോ ബെല്ലും അടക്കം പ്രമുഖ ബ്രാൻഡുകൾ കുടുങ്ങി; കാരണം ഇത്

ബെംഗളൂരു: മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിക്കുകയും നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുകയും ചെയ്തതിന് കോരമംഗലയിലെ പ്രമുഖ മാളിൽ പ്രവർത്തിക്കുന്ന ആറ് പ്രമുഖ ഫുഡ് കോർട്ട് ഔട്ട്‌ലെറ്റുകൾക്ക് ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ 45,000 രൂപ പിഴ ചുമത്തി.

ബി.ടി.എം നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള കോരമംഗലയിലെ മാളിൽ ശനിയാഴ്ച തുടർച്ചയായ രണ്ടാം ദിവസമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പല സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ തള്ളിയതായും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായും കണ്ടെത്തി.

മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ചട്ടലംഘനം ആവർത്തിച്ചാൽ കൂടുതൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പിഴ തുക മുഴുവൻ സ്ഥാപനങ്ങളിൽ നിന്നും ഉടനടി ഈടാക്കിയിട്ടുണ്ട്.

പിഴ ഈടാക്കിയതിന്റെ വിശദാംശങ്ങൾ

മാളിലെ സബ്‌വേ (Subway) ഔട്ട്‌ലെറ്റിനാണ് ഏറ്റവും ഉയർന്ന പിഴയായ 15,000 രൂപ ചുമത്തിയത്. കാലിഫോർണിയ ബറിറ്റോയ്ക്ക് (California Burrito) 10,000 രൂപയും പിഴ വിധിച്ചു. ടാക്കോ ബെൽ (Taco Bell), ഗോചുജാങ് (Gochujang), ഡ്രിങ്ക്ൾ (Drinkl), സ്ക്വീസ് (Squeeze) എന്നീ സ്ഥാപനങ്ങളിൽ നിന്ന് 5,000 രൂപ വീതവുമാണ് പിഴ ഈടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts