ബെംഗളൂരു: ബുധനാഴ്ച ഉയർന്ന കെട്ടിടത്തിൽ നിന്ന് വീണ 22 മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി. ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപമുള്ള അപ്പാർട്ട്‌മെന്റിലാണ് സംഭവം. അച്ഛനും അമ്മൂമ്മയും വാടകയ്ക്ക് ഫ്ലാറ്റ് നോക്കുന്നതിനിടയിൽ അഞ്ചാം നിലയിലെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ ദിവ്യാൻഷി ജസ്വിക് റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
ദിവ്യാൻഷിയുടെ അച്ഛൻ രവീന്ദ്ര റെഡ്ഡി ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിലും അമ്മ ഒരു സുരക്ഷാ ഏജൻസിയിലുമാണ് ജോലി ചെയ്യുന്നത്. സാധാരണയായി ദമ്പതികൾ ജോലിക്ക് പോകുമ്പോൾ മകനെ അമ്മയുടെ അമ്മയായ ശോഭയുടെ അടുത്തേക്ക് ആക്കും. ശോഭ നിർദ്ദേശിച്ചതിനെത്തുടർന്ന് ദമ്പതികൾ ജോലിസ്ഥലത്തിന് സമീപമുള്ള ഫ്ലാറ്റ് അന്വേഷിച്ചുവരികയായിരുന്നു.
തുടർന്ന് ബർണിക കാസ്റ്റ് അപ്പാർട്ട്‌മെന്റിലെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് നൽകുന്നുണ്ടെന്ന് അറിഞ്ഞ രവീന്ദ്രയും അമ്മായിയമ്മയായ ശോഭയും ഫ്ലാറ്റ് കാണാൻ പോയി. ആളൊഴിഞ്ഞ ഫ്‌ളാറ്റ് നോക്കാൻ ഇരുവരും അകത്തേക്ക് പോയപ്പോൾ പുറത്ത് ടെറസിൽ നിർത്തിയ കുട്ടി പ്ലാസ്റ്റിക്കിൽ തീർത്ത മേൽക്കൂരയുടെ ഒരു ഭാഗം ചവിട്ടി ഒടിഞ്ഞ് കുഞ്ഞ് താഴെ വീഴുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഫ്ലാറ്റ് ഉടമയുടെയും സൂപ്പർവൈസറുടെയും അനാസ്ഥ മൂലമാണ് തന്റെ മകൻ മരിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ക്രിമിനൽ അനാസ്ഥയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.