ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള യുവതിയെയും രണ്ടുകുട്ടികളെയും അയർലൻഡിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദക്ഷിണ ഡബ്ലിനിലെ ബാലന്റീറിൽ താമസിച്ചുവന്ന മൈസൂരു സ്വദേശിനി സീമ ബാനു(37), മകൾ അസ്ഫിറ റിസ(11), മകൻ ഫൈസാൻ സെയിദ്(ആറ്) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്.
കൊലപാതകമാണെന്ന സംശയത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അയർലൻഡ് പോലീസ് കരുതുന്നു. കുട്ടികളെ ശ്വാസംമുട്ടിച്ചുകൊന്നതാണെന്ന് സംശയമുണ്ട്. ഇവരുടെ കഴുത്തിൽ ഇതിന്റെ പാട് കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മരണകാരണം കണ്ടെത്താനായിട്ടില്ല.
യുവതിയെയും മക്കളെയും ഏതാനുംദിവസമായി കാണാതായതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വീടിനകത്ത് പരിശോധനനടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കയാണ് പോലീസ്.
യുവതിയുടെ ഭർത്താവ് സമീർ സെയ്ദിനെയും അയൽവാസികളെയും പോലീസ് ചോദ്യംചെയ്തുവരുന്നു. ഭർത്താവും മൈസൂരു സ്വദേശിയാണ്. സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഏതാനുംവർഷമായി ഭർത്താവും മക്കളുമൊത്ത് അയർലൻഡിലാണ് സീമ ബാനു താമസം. രണ്ടുകുട്ടികളും അവിടെ വിദ്യാർഥികളായിരുന്നു.
ഭർതൃപീഡനവുമായി ബന്ധപ്പെട്ട ഒരു പോലീസ് കേസ് സമീർ സെയ്ദിനെതിരേ നിലവിലുണ്ട്. അതേസമയം, മരണത്തെ സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പോലീസ് മുന്നറിയിപ്പുനൽകി. സംഭവത്തിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.