ക്ഷമിക്കണം …
ചില സത്യങ്ങൾ ചിലരുടെ മുഖം മൂടികൾ വലിച്ചുകീറപ്പെടുന്നതാണെങ്കിലുംപറയാതിരിക്കുന്നത് ബാംഗ്ലൂർ മലയാളി സമൂഹത്തോട് ചെയ്യുന്ന അപരാധമാവും.
എനിക്കെതിരെ കല്ലുകൾ വന്നേക്കാം .
കല്ലിനുള്ള സൗരഭ്യം പോലും നഷ്ടപെട്ട ചില മലയാളി നേതൃത്വങ്ങൾ ബാംഗ്ലൂരിൽ ഷഷ്ടിപൂർത്തിയിലേക്കു കാലെടുത്തു വെക്കുമ്പോഴും തങ്ങളിലാരാണ് കേമൻ എന്ന മത്സരം പൊടിപൊടിക്കുകയാണ്.
അഥവാ…,
ഞാൻ തീരുമാനിക്കുന്നിടത്തു എല്ലാം നടന്നാൽ മതി എന്ന മനോഭാവം ഈ പ്രളയ ദുരന്ത നാളുകളിലും അലമാരയിൽ പൂട്ടിവെക്കാൻ മനസ്സ് അനുവദിക്കാത്ത ഏതൊരു സംഘടനാ നേതാവും പടിയിറങ്ങിപ്പോകണം എന്ന് ചങ്ങുറപ്പോടെ പറയാൻ ബാംഗ്ലൂർ മലയാളികൾ ഇനിയെങ്കിലും തയ്യാറാവണം.
പറഞ്ഞു വരുന്നത് സംവത്സരങ്ങളായി ബാംഗ്ലൂർ മലയാളികളെ നയിച്ചുപോരുന്നവരിൽ ചിലരുടെ മനോഭാവത്തെ കുറിച്ച് തന്നെ.
കേരളം, കുത്തിയൊകിയ പേമാരിയിൽ ഭൂമിക്കും ആകാശത്തിനുമിടയിൽ വീടിന്റെ
മേൽക്കൂരകളിൽ ജീവൻ രക്ഷപ്പെടുത്താൻ ആകാശ വാഹനങ്ങളെ കണ്ണുംനട്ട് നിന്ന
ദിവസങ്ങളിൽ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രവാസി കൂട്ടായ്മകൾ രാപകലില്ലാതെ ജന്മ നാടിന്റെ കെടുതിക്ക് കൈതാങ്ങാവാൻ പണിയെടുത്തു.
ഇന്ത്യയിലെ പ്രവാസി മലയാളികളിൽ എണ്ണത്തിലും , പണത്തിന്റെ വണ്ണത്തിലും മുൻപന്തിയിലുള്ള ബാംഗ്ലൂർ മലയാളികളും വിവിധ സംഘടനാ തലത്തിൽ ദുരിത പ്രദേശത്തേക്ക് ഭക്ഷണവും വസ്ത്രവും മരുന്നും പണവും എത്തിച്ചു കൊടുത്തു .
മാതൃകാ പ്രവർത്തനം കാഴ്ച വെച്ച വിവിധ സംഘടനകൾ അനുമോദനം അർഹിക്കുമ്പോഴും പക്ഷെ , നമ്മുടെ വലുപ്പത്തിനുള്ള സഹായപ്രവാഹം ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് അയക്കപ്പെട്ടോ എന്ന് സദുദ്ദേശത്തോടെ ആരെക്കിലും ചോദിച്ചാൽ ” ഇല്ല “എന്ന് മാത്രമേ ഈയുള്ളവന് പറയാൻ കഴിയൂ.
ഓരോ സംഘടനയും അവരവരുടെ കഴിവനുസരിച്ചു ചെയ്തു എന്ന നന്മ നിലനിൽക്കെ തന്നെ ,
നമ്മൾ ഒന്നിച്ചു നിന്ന് ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രവാസി മലയാളി സമൂഹത്തിനു മാതൃകയാവാൻ നമുക്ക് കഴിഞ്ഞേനെ.
പലരും സ്വകാര്യമായി പറയുന്ന ഈ വസ്തുത ബാംഗ്ലൂർ മലയാളി സമൂഹത്തിനു മുന്നിൽ ഒരു ചർച്ചക്കായി വിളിച്ചു പറയുകയാണ് .
ഹൈദരാബാദിലും , മുംബൈയിലും, ഗുജറാത്തിലും സാധ്യമായത് നമുക്കെന്തുകൊണ്ട് സാധ്യമായില്ല…?
I T മേഖലയിൽ ബാംഗ്ലൂരിലെ തൊഴിലാളികളിൽ 40 % അധികം മലയാളി യുവതയാണ്.
അസൂയപ്പെടുത്തുന്ന മാസശമ്പളം കൈപ്പറ്റുന്ന കേരളത്തിന്റെ പുതുതലമുറയടക്കം, ബാംഗ്ലൂരിൽ വിവിധ തലങ്ങളിൽ സമ്പന്നരായ ബിസ്സിനസ്സ്കാരടക്കമുള്ള മലയാളികളെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ,ലോക കേരള സഭ അംഗങ്ങളടക്കം, ബാംഗ്ലൂരിലെ പാരമ്പര്യമുള്ള സംഘടനകളുടെ തലപ്പത്തിരിക്കുന്നവർക്കും
ഒഴിഞ്ഞു മാറാനാവില്ല.
ഉത്തരവാദപ്പെട്ട മലയാളി സംഘടനകളുടെ കൂട്ടായ പ്രവർത്തനം ബാംഗ്ലൂരിൽ സാധ്യമാക്കിയിരുന്നെങ്കിൽ ബാംഗ്ലൂർ മലയാളി സമൂഹം ഏവർക്കും നല്ല കൂട്ടായ്മ്മയുടെ പര്യായമായേനെ.
അത്രയും ആളും ആർഭാടങ്ങളും നമുക്കുണ്ട്.
ഒന്നിനും പക്ഷെ നമുക്കിടയിലെ
“തമ്മിൽ പോര് ”
അനുവദിച്ചില്ല.
പ്രളയം മനുഷ്യരെ വാസസ്ഥലങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് ഓടിച്ചു വിട്ട ആദ്യനാളുകളിൽ രാജ്യത്തെ മറ്റു സംസ്ഥാന സർക്കാരുകളുടെ സഹായ പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ സംഖ്യ നൽകിയത് തെലുങ്കാന സർക്കാരായിരുന്നു.
ഹൈദരാബാദിലെ മലയാളി സംഘടനകളുടെ കൂട്ടായ പ്രവർത്തനവും , തെലുങ്കാന സർക്കാരുമായി മലയാളി സംഘടനാ നേതൃത്വത്തിനുള്ള സുഖകരമായ ബന്ധത്തിന്റെയും കൂടി ഫലമായിട്ടാണ് 25 കോടി രൂപയും 600 ടന്‍ അരിയും 64 ലക്ഷത്തിന്റെ മരുന്നും അവർക്കു ഹൈദരാബാദിൽ നിന്നും അയക്കാൻ സാധിച്ചത്.
CTRMA എന്ന ഹൈദരാബാദിലെ മുഴുവൻ മലയാളി സംഘടനകളുടെയും കൂട്ടായ്മ മലയാളികളിൽ നിന്നും തെലുങ്കരിൽ നിന്നും ശേഖരിച്ചയച്ച വസ്തുക്കളും അനവധി ലോറികളിൽ കേരളത്തിലേക്ക് പാഞ്ഞു .
ബാംഗ്ലൂരിൽ നിന്നും പോയ ലോറികളിലൊക്കെ വിവിധ സംഘടനകളുടെ പേരുകൾ പ്രദർശിപ്പിക്കുവാൻ നമ്മൾ മത്സരിച്ചപ്പോൾ
ഹൈദരാബാദിലെ ലോറികളിൽ അവരുടെ കൂട്ടായ്‌മയുടെ ശക്തിയുള്ള അക്ഷരങ്ങളാണുണ്ടായിരുന്നത്.
ഒറ്റയ്ക്ക് ഓടുന്നവന്റെയും കൂട്ടയോട്ടത്തിന്റെ ഭാഗമാവുന്നതിന്റെയും വ്യത്യാസം എന്തുകൊണ്ടോ ബാംഗ്ലൂർ മലയാളികൾ മനസ്സിലാകാൻ മിനക്കെടുന്നില്ല.
തെലുങ്കാന സർക്കാർ വീണ്ടും ഒരു 21 കോടി അവിടുത്തെ മലയാളികളുടെ കൂടി ശ്രമത്തിൽ പ്രഖ്യാപിക്കുകയുണ്ടായി .
2 മലയാളി മന്ത്രിമാരുള്ള ഭരണം നടക്കുമ്പോഴും നമുക്ക് കർണാടക സർക്കാരിൽ നിന്നും വലിയ തോതിലുള്ള സഹായങ്ങൾ പ്രഖ്യാപിപ്പിക്കാൻ ഇടപെടാനോ ശ്രമിക്കാനോ നമുക്കിടയിലുള്ള ആഭ്യന്തര കലഹം അനുവദിച്ചുമില്ല.
അപ്പോഴും കർണാടക സർക്കാരിന്റെ എല്ലാ സഹായങ്ങൾക്കും നമുക്ക് നന്ദി പറയാം.
മുംബൈയിലും ഇത്തരത്തിൽ ഒരുമയുടെ കരുത്തും ഭംഗിയും പ്രകടമായിരുന്നു.
ബാംഗ്ലൂരിൽ നമുക്കെന്തു കൊണ്ട് ഒത്തൊരുമയുടെ ശക്തി ദുരിതാശ്വാസത്തിനു ഉപയോഗിക്കാൻ സാധിച്ചില്ല എന്നത് ഇനിയെങ്കിലും ബാംഗ്ലൂരിലെ കാരണവർമാരായ നേതാക്കൾ ആലോചിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
ഈ ദുരന്ത വേളയിലും നമുക്കതു സാധ്യമല്ലെങ്കിൽ ലോകാവസാനം വരെ സാധ്യമാവില്ല എന്ന് നാം ആശങ്കപെടേണ്ടിയിരിക്കുന്നു.
ദുഖകരമായ ചിന്തയിലേക്കാണ് നമ്മെ ഇത്തരം അശുഭ സത്യങ്ങൾ നയിക്കുന്നത്.
ലോക കേരള സഭയിൽ കർണാടകയുടെ പ്രതിനിധികളായി 6 പേരുണ്ട്.
കേരള സമാജം മുൻ പ്രസിഡന്റും, ഓർഗനൈസേഷൻ ഓഫ് യുനൈറ്റഡ് മലയാളീസ് (ഒരുമ ) ചെയർമാനുമായ മുൻ കർണാടക ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ശ്രീ ജെ അലക്സാണ്ടർ ,
എഴുത്തുകാരിയായ അനിത നായർ ,ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് ശ്രീ സി പി രാധാകൃഷ്ണൻ ,കെകെടിഎഫ് ( കർണാടക കേരള ട്രാവലേഴ്‌സ് ഫോറം ) ചെയർമാൻ ആർ വി ആചാരി ,സിപിഎസി പ്രസിഡന്റ് ശ്രീ സി കുഞ്ഞപ്പൻ,കാരുണ്യ ബാംഗ്ലൂർ ചെയർമാൻ എ ഗോപിനാഥ് എന്നിവരാണവർ .
6 പേരും വിവിധ തലങ്ങളിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള, പ്രവർത്തന പരിചയമുള്ള മഹത്‌വ്യക്തികൾ.
ഭൂരിപക്ഷം ബാംഗ്ലൂർ മലയാളിയും ഇവരുടെ ലോക കേരള സഭ പ്രവേശത്തിൽ അഭിമാനം കൊണ്ടവരാണ് .
പക്ഷെ , നിർഭാഗ്യവശാൽ ബാംഗ്ലൂർ മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ മുൻകൈ എടുക്കേണ്ട ഈ മാന്യ നേതാക്കളിൽ ചിലർ , ലോക കേരള സഭ അംഗങ്ങൾക്കിടയിൽ തന്നെ നിരാശയുമാകുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിടുന്നു എന്നത് ദൗർഭാഗ്യകരമാണ് .
ശ്രീ അലക്സാണ്ടറെ പോലുള്ള വ്യക്തിപ്രഭാവമുള്ള നേതാക്കൾക്ക് കേരള സഭയിൽ അംഗമായിട്ടു പോലും ജനോപകാരപ്രദമായ വല്ലതും ചെയ്യാൻ മുൻകൈ എടുക്കാൻ പറ്റാത്ത പരിതസ്ഥിതി സൃഷ്ടിച്ചിരിക്കുകയാണ്.
6 മെമ്പർമാരിൽ ” ചിലർ ” എല്ലാം അവരിൽ കൂടി മാത്രം തീരുമാനിക്കപ്പെടണം എന്ന തൻപ്രമാണിത്ത സ്വഭാവം പ്രകടിപ്പിക്കുമ്പോൾ , കർണാടകയിലെ മുഴുവൻ മലയാളികൾക്കും ആശ്രയമാവേണ്ട ഈ കേന്ദ്രം ഒന്നോ രണ്ടോ വ്യക്തികളുടെ നാട്യപ്രകടനങ്ങളുടെ വേദി മാത്രമായി ചുരുങ്ങിപ്പോകുകയാണ്.
ഒരുദാഹരണം
ചൂണ്ടിക്കാണിക്കാതെ വയ്യ.ശ്രീ സി കുഞ്ഞപ്പൻ ,ശ്രീ എ ഗോപിനാഥ് , ഇരുവരോടുമുള്ള ബഹുമാനവും ബാംഗ്ലൂർ മലയാളികൾക്കിടയിൽ അവരുടെ സേവന ദൈർഘ്യവും മാനിച്ചു കൊണ്ട് തന്നെ പറയട്ടെ..
ഈയിടെ കൈരളി TV ന്യൂസിൽ വന്ന ഒരുവാർത്ത ബാംഗ്ലൂർ മലയാളികളെ അപപാനിക്കുന്നതിനുതുല്യമായിപ്പോയി .
ബാംഗ്ലൂരിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങൾ ശ്രീ ഗോപിനാഥും ,ശ്രീ കുഞ്ഞപ്പനും
3 ലക്ഷത്തിൽപരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന വാർത്തയായിരുന്നു അത്.
വാർത്തയുടെ അവസാനഭാഗത്തു കാരുണ്യ ബംഗളൂരുവും , സി പി എ സി ഉം പിരിച്ചെടുത്ത പണമാണെന്ന അറിയിപ്പുമുണ്ട്.
രണ്ട് സംഘടനകളുടെ സംഭാവനയാണെങ്കിൽ അതങ്ങനെ തന്നെ പറഞ്ഞാ മതിയായിരുന്നില്ലേ..?
ലോക കേരള സഭയുടെ വിഹിതം എന്ന് പ്രഖ്യാപിക്കുമ്പോൾ , ഇവരെ കൂടാതെ ബാംഗ്ലൂരിൽ നിന്നും വേറെയും 4 പേരില്ലേ?
അവരുടെ കൂടി കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണോ ഈ 3 ലക്ഷം ??
എങ്കിൽ അത് ബാംഗ്ലൂർ മലയാളികളെ നാണം കെടുത്തുന്ന വാർത്തയല്ലേ..?
വിമാനപുരം കൈരളി കലാ സമിതി ,കർണാടക നായർ സർവീസ് സൊസൈറ്റി ,ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ എന്നീ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ കൈകളിൽ 10 ലക്ഷം വീതം ഏല്പിച്ചപ്പോൾ , കർണാടക മലയാളികളുടെ മൊത്തം പ്രതിനിധികളായ കേരള ലോക സഭ അംഗങ്ങൾ വെറും 3 ലക്ഷവും ചില്ലറ ആയിരവും മന്ത്രി ഇ പി ജയരാജന്റെ കൈകളിൽ ഏൽപ്പിക്കുന്നത് ടെലിവിഷൻ വാർത്ത വഴി ലോകം മുഴുവനുള്ള മലയാളികൾ കാണുമ്പോൾ ഈ നേതാക്കൾ നൽകുന്ന സന്ദേശമെന്താണ് ..?
നമ്മൾ ഇത്രയും മാതൃഭൂമി സ്നേഹമില്ലാത്തവരെന്നോ..?
കാരുണ്യ ചെയർമാനും ,സി പി എ സി പ്രസിഡന്റിനും എത്ര ചുരുങ്ങിയ പണം കൊടുക്കുമ്പോഴും അതിൽ അഭിമാനിക്കാം ,ഒരു സംഘടന എന്ന നിലയിൽ അവരുടെ വിഹിതം അവർ കൊടുക്കുന്നു.
പക്ഷെ, ലോക കേരള സഭ പ്രതിനിധികൾ ഏതെങ്കിലും ഒരു സംഘടനയുടെ വക്താവായല്ല ,
കർണാടക മലയാളികളുടെ പ്രതിനിധി എന്ന നിലയിലാണ് സമൂഹം മനസ്സിലാകുന്നത്.
ലോക കേരള സഭാ മെമ്പർ എന്ന നിലയിൽ അവർ വാർത്തയിൽ പരസ്യപ്പെടുത്തുമ്പോൾ
ഇങ്ങനെ ഒരു ഫണ്ട് പിരിവിനെ കുറിച്ച് അറിയാത്ത 4 കേരള ലോക സഭ അംഗങ്ങൾഅന്ധാളിച്ചു നിൽക്കുകയാണ്.
അവറിയാതെ ദുരിതാശ്വാസത്തിന്റെ പേരിൽ ഫണ്ട് ശേഖരണവും ഫണ്ട് കൈമാറ്റവും..!!!.
TV വാർത്തയിൽ കൂടി 2 നേതാക്കളും ഉദ്ദേശിച്ചത് സ്വന്തം സംഘടനയുടെ പെരുമയും ലോക കേരള സഭ അംഗങ്ങൾ എന്ന തങ്ങളുടെ മേൽവിലാസവും ജനമധ്യത്തിൽ അവതരിപ്പിക്കുക എന്നതാണെങ്കിൽ ,ബാംഗ്ലൂർ മലയാളി സമൂഹത്തെയും , ലോക കേരള സഭയിലെ മറ്റങ്ങങ്ങളെയും അപമാനിക്കുന്ന പ്രവൃത്തിയല്ലേ അത്..?
സമൂഹത്തിൽ നിന്നും ഉയർന്നു വരാവുന്ന ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിക്കുന്ന ഇത്തരം പ്രവർത്തികൾ അവരുടെ നല്ല ഇന്നലെകളുടെ നന്മകളെയും മായ്ചുകളയും എന്ന് മാത്രം ഓർമപ്പെടുത്തട്ടെ.
അറിഞ്ഞെടുത്തോളം സപ്തംബർ 16 നു നോർക്കയുടെ സഹകരണത്തോടെ ലോക കേരള സഭാ കർണാടക ചാപ്റ്റർ വിളിച്ചിരിക്കുന്ന ബാംഗ്ലൂർ മലയാളി സംഘടന പ്രതിനിധികളുടെ യോഗം മേല്പറഞ്ഞ രണ്ടു അംഗങ്ങളുടെ മാത്രം നേതൃത്വത്തിലാണെന്നാണ്.
ശ്രീ ആചാരി വിദേശത്താണെങ്കിലും ബാക്കി 5 പേര് ബാംഗ്ലൂരിൽ ഉണ്ടായിരിക്കെ സഭാ അംഗങ്ങൾക്കിടയിൽ ഒരുമയുടെ പ്രവർത്തനമോ അന്യോന്യം ആദരവോ ഇല്ലങ്കിൽ എങ്ങിനെ മുഴുവൻ സംഘടനകളെയും ദുരിതാശ്വാസ ഫണ്ടിന്റെ വിജയത്തിനായി വിളിച്ചു ചേർക്കുന്ന ഈ യോഗത്തിലെത്തിക്കാൻ സാധിക്കും ???
ശ്രീ സി പി രാധകൃഷ്ണൻ ഈയുള്ളവനോട് പറഞ്ഞത് ഇങ്ങനെ ഒരു യോഗത്തെ പറ്റി അദ്ദേഹത്തിന് ഒരറിവുമില്ലന്നാണ്.യോഗ നടത്തിപ്പുമായി ബന്ധപെട്ടു ഒരു ചർച്ചയോ യോഗമോ അംഗങ്ങൾക്കിടയിൽ നടന്നിട്ടില്ല എന്ന് ശ്രീ അലക്സഅണ്ടർ സാറും സാക്ഷ്യപ്പെടുത്തുന്നു .
അപ്പോൾ ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആരാണ് .?
സഭാ അംഗങ്ങൾക്കിടയിൽ “ഒന്നാം ഇനം – രണ്ടാം ഇനം ” എന്ന വേർതിരിവില്ല എന്നാണ് ഈയുള്ളവന്റെ അറിവ്.
അപ്പോൾ , സഭാംഗങ്ങൾക്കിടയിൽ ഒരുമയും പരസ്പര ബഹുമാനവും , വിവര കൈമാറ്റങ്ങളും ഇത്തരം യോഗങ്ങൾ വിളിച്ചു കൂട്ടുന്നതിനെ കുറിച്ച് പരസ്പര ധാരണയും വേണ്ടതല്ലേ..?
ലോക കേരള സഭയിലെ എല്ലാ അംഗങ്ങളും ഒന്നിച്ചു ശ്രമിച്ചാൽ , ബാംഗ്ലൂരിലെ മുഴുവൻ മലയാളി സംഘടനകളെയും , വ്യവസായ പ്രമുഖരെയും ഒരു കുടക്കീഴില്‍ ഒരുമയോടെ ഒന്നിച്ചിരുത്താൻ തീർച്ചയായും കഴിയും .
അങ്ങനെ സംഭവിച്ചാൽ 3 ലക്ഷത്തിനു പകരം 3 കോടിയെങ്കിലും ചുരുങ്ങിയത് ബാംഗ്ലൂർ മലയാളി സമൂഹത്തിന്റെ കൈനീട്ടമായി മുഖ്യമന്ത്രിയുടെ കൈകളിൽ ഏല്പിക്കാമായിരുന്നു.
അത്തരം നല്ല നാളേക്ക് വേണ്ടി ഇനിയെങ്കിലും ബാംഗ്ലൂരിലെ ഇരുത്തം വന്ന സംഘടന നേതാക്കൾ ശ്രമിക്കണം.
” ഞാനും എന്റെ സംഘടനയും മാത്രം “എന്ന ഇട്ടാവട്ടം വിട്ട് ” നമ്മളും നിങ്ങളും ” എന്ന വിശാല മൈതാനിയിൽ നിറഞ്ഞാടാൻ പഴമയുടെ നര ബാധിച്ച സ്ഥിരം പ്രസിഡന്റ് മാരും ചെയർമാന്മാരും മനസ്സ് വിശാലമാക്കി പുതിയ ചരിത്രം കുറിക്കണം .
പൊതു ആവശ്യങ്ങൾക്ക് അവനവന്റെ പ്രസ്ഥാനത്തിനപ്പുറം കൂട്ടായ്മയുടെ കരുത്തു തെളിയിക്കാൻ ഒരുമയുടെ ഒത്തുചേരലിനു വഴിയൊരുക്കണം.
ശ്രീ അലക്സാണ്ടർ ,
ശ്രീ സി പി രാധാകൃഷ്ണൻ
ശ്രീ രാജൻ ജേക്കബ്
ശ്രീ ഡോക്ടർ എൻ എ മുഹമ്മദ്
ശ്രീ സുധാകരൻ രാമന്തളി
ശ്രീ രാജേന്ദ്രൻ
ശ്രീ സി കുഞ്ഞപ്പൻ
ശ്രീ എ ഗോപിനാഥ്
ശ്രീ ആർ വി ആചാരി
ശ്രീ സത്യൻ പുത്തൂർ
ശ്രീ എം കെ നൗഷാദ്
ശ്രീ രാമചന്ദ്രൻ പാലേരി
ശ്രീ ടി എൻ എം നമ്പ്യാർ
തുടങ്ങി ബാംഗ്ലൂരിലെ മലയാളികളുടെ ഹൃദയ വികാരങ്ങൾ തൊട്ടറിഞ്ഞ നേതാക്കൾ ഒരുമയുടെ പുതിയ പരവതാനി വിരിക്കണം.
ഒന്നിച്ചു നിന്നാലേ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്ന് പ്രളയം നമ്മെ പഠിപ്പിച്ച ഈ വേളയിലെങ്കിലും നമുക്ക് ബംഗളൂരുവിലും ഒന്നാവലിന്റെ സൗന്ദര്യം ആസ്വദിക്കാം.
പലരും ശ്രമിച്ചു പരാജയപ്പെട്ട വണ്ടിയാണെന്ന പഴയ സംഭാഷണം വീണ്ടും ഉരുവിടാതെ, ഈ നിലച്ചു പോയ വണ്ടിയെ ആര് വീണ്ടും നിരത്തിലിറക്കാൻ ശ്രമിക്കുമെന്ന് സംശയത്തോടെ മാറിനിന്നു വീക്ഷിക്കാതെ ,നമുക്കെല്ലാവർക്കും തുരുമ്പെടുത്ത ഈ വണ്ടിയെ എണ്ണ പുരട്ടി , ഇന്ധനം ഒഴിച്ച് നന്മയുടെ , ശാന്തിയുടെ , ശക്തിയുടെ നിരത്തിലിക്കാം.
പ്രതീക്ഷയോടെ …
മുത്തില്ലത്ത് .
(കാഴ്ചപ്പാട് പേജിൽ പ്രസിദ്ധീകരിക്കുന്നത് ഓരോ എഴുത്തുകാരന്റെയും കാഴ്ച്ചപ്പാടുകളാണ്, അതിൽ ചേർത്തിരിക്കുന്ന പരാമർശങ്ങൾക്കും നിലപാടുകൾക്കും മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരല്ല, നിങ്ങളുടെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ [email protected] എന്ന ഇമെയിലിലേക്ക് എഴുതുക – ടീം ബെംഗളൂരു വാർത്ത )
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.