“ഉദ്യാന നഗരം” എന്നറിയപ്പെടുന്ന ബെംഗളുരുവിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നഗരത്തിലെ ജലവിതരണ സംവിധാനം എത്രയും പെട്ടെന്നു പുതുക്കേണ്ടതുണ്ട്. ലഭ്യമായ കുടിവെള്ളത്തിന്റെ പകുതിയും നഗരം ഉപയോഗശൂന്യമാക്കുന്നു. ചൈനയെപ്പോലെ ഇന്ത്യയിലും ജലമലിനീകരണം നിയന്ത്രണാതീതമാണ്. നഗരത്തിലെ 85 ശതമാനം തടാകങ്ങളിലെ വെള്ളവും ജലസേചനത്തിനും വ്യവസായശാലകളിലെ ശീതീകരണത്തിനുമാണ് ഉപയോഗിക്കുന്നത്. കുടിക്കാനോ കുളിക്കാനോ പറ്റുന്ന ഒറ്റ തടാകം പോലും ഇവിടെയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം സ്ഥാനത്തുള്ള ബ്രസീലിലെ സാവോപോളോയിലെ പ്രധാന സംഭരണിയിലെ ജലത്തിന്റെ അളവ് നാലു ശതമാനത്തിലേക്കു താഴ്ന്നു. 21.7 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ 20 ദിവസം വരെ കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. പൊലീസിന്റെ സംരക്ഷണത്തിലാണു ജലവിതരണ ടാങ്കറുകൾ സഞ്ചരിക്കുന്നത്.
ഈജിപ്ത് തലസ്ഥാനം കെയ്റോ, ഇന്തൊനീഷ്യ തലസ്ഥാനം ജക്കാർത്ത, റഷ്യൻ തലസ്ഥാനം മോസ്കോ, തുർക്കിയിലെ ഇസ്താംബുൾ, മെക്സിക്കോ സിറ്റി, ബ്രിട്ടന്റെ തലസ്ഥാനം ലണ്ടൻ, ജപ്പാൻ തലസ്ഥാനം ടോക്കിയോ, യുഎസിലെ മിയാമി തുടങ്ങിയ നഗരങ്ങളാണു നാലു മുതൽ 11 വരെയുള്ള സ്ഥാനങ്ങളിൽ.
പ്രതിവർഷം ഒരു വ്യക്തിക്ക് 1000 ക്യുബിക് മീറ്ററിൽ കുറവ് ശുദ്ധജലം കിട്ടുന്ന പ്രദേശങ്ങളെയാണു ‘ജലക്ഷാമപ്രദേശ’മായി ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ 20 ദശലക്ഷം ജനങ്ങൾക്കു കേവലം 145 ക്യുബിക് മീറ്റർ വെള്ളം മാത്രമേ കിട്ടുന്നുള്ളൂ. ലോകജനസംഖ്യയുടെ 20 ശതമാനം പേരുള്ള ചൈനയിൽ മൊത്തം ശുദ്ധജലത്തിന്റെ ഏഴു ശതമാനം മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.