വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല കൊങ്കൺ റെയിൽവേ കോർപറേഷനാണ്. ഇവർ അടുത്തയാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷം ഡിസംബർ അവസാനത്തോടെ സർവേ നടപടികൾ പൂർത്തിയാക്കും. ചർച്ചയിൽ കേരള ഗതാഗതവകുപ്പു സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, വനം കൺസർവേറ്റർ കേശവ്, റിട്ട. ഡിഎഫ്ഒ ഒ.ജയരാജൻ, കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ പ്രതിനിധി ബെന്നി എന്നിവർ പങ്കെടുത്തു.
പദ്ധതി വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരം തലശ്ശേരി-മൈസൂരു റെയിൽപാതയ്ക്ക് സർവേ നടത്താനുള്ള കർണാടകയുടെ അനുമതി ലഭിച്ചതോടെ മലബാറിൽ നിന്ന് മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ എത്താനുള്ള യാത്രാമാർഗത്തിനാണ് വഴിതുറക്കുന്നത്. നിലവിൽ ഉത്തര മലബാറിൽ നിന്നുള്ള ട്രെയിനുകൾ മംഗളൂരു വഴിയും സേലം വഴിയും 15 മണിക്കൂറിലധികം സമയമെടുത്താണ് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും എത്തുന്നത്.
റെയിൽവേ ഭൂപടത്തിൽ വയനാട് ഇടം പിടിക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും ഏറെ ഗുണകരമാകും. തലശ്ശേരിയെയും മൈസൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽപാത എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് അനുമതി ലഭിക്കുകയായിരുന്നു ഏറെ വെല്ലുവിളി. നാഗർഹോളെ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്. എന്നാൽ വനമേഖലയിൽ നിന്ന് മാറ്റിയുള്ള പുതിയ റൂട്ട് കേരളം നിർദേശിച്ചതോടെയാണ് കർണാടക സർവേ നടപടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
മാനന്തവാടിയിൽ നിന്ന് പെരിയപട്ടണ വരെ ഏകദേശം 150 കിലോമീറ്റർ ദൂരം വരുമെന്നാണ് നിഗമനം. പാത സംഗമിക്കുന്ന പെരിയപട്ടണയിൽ നിലവിൽ റെയിൽവേ ലൈൻ കടന്നുപോകുന്നില്ല എന്നതാണ് പ്രധാന പോരായ്മ. നിർദിഷ്ട മൈസൂരു-കുശാൽനഗർ റെയിൽവേ പാതയുടെ സർവേ നടപടികൾ പൂർത്തിയായെങ്കിലും നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.