ബെംഗളൂരു ∙ യുപിയിൽ നിന്നു വിമാനത്തിൽ ബെംഗളൂരുവിലെത്തുകയും കവർച്ചയ്ക്കു ശേഷം മോഷണ മുതലുമായി തിരികെ പോവുകയും ചെയ്തിരുന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ. കുപ്രസിദ്ധ കവർച്ചാസംഘമായ ബാവരിയ ഗ്യാങ്ങിൽപെട്ട ജയ്പ്രകാശ്, വരുൺകുമാർ, നിതിൻകുമാർ, ജിതേന്ദ്രകുമാർ, കപിൽ കുമാർ, നന്ദകിഷോർ എന്നിവരാണ് പിടിയിലായത്. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ടി. സുനിൽകുമാർ പറഞ്ഞു. രണ്ടുപേർ ഒളിവിലാണ്. ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന ഇവർ മോഷണ മുതലുമായി യുപിയിലേക്കു കടക്കും.
പണത്തിന് ആവശ്യം വരുമ്പോഴെല്ലാം ഇവർ ബെംഗളൂരുവിൽ പറന്നിറങ്ങുകയും ചെയ്യും. താലിമാല ഉൾപ്പെടെ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾ കൂടുതൽ ഉള്ളതിനാലാണ് കവർച്ചയ്ക്കു ദക്ഷിണേന്ത്യ തിരഞ്ഞെടുത്തതെന്ന് ഇവരിലൊരാൾ മൊഴി നൽകി. വിജനമായ സ്ഥലങ്ങളിലൂടെ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കവർച്ച. പിടിയിലായവർ ജാമ്യത്തിലിറങ്ങി കവർച്ച ആവർത്തിക്കാതിരിക്കാൻ ഇവർക്കെതിരെ ഗുണ്ടാനിയമം അനുസരിച്ചാണ് കേസെടുക്കുക.
ഇവരുടെ അറസ്റ്റോടെ മൈക്കോ ലേഔട്ട്, തിലക്നഗർ, ജെപി നഗർ, കെംഗേരി, ആർഎംസി യാഡ്, ജയനഗർ, കെഎസ് ലേഔട്ട്, സുബ്രഹ്മണ്യപുര, ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന 30 മാലമോഷണ കേസുകളാണ് പരിഹരിക്കപ്പെട്ടത്. സ്റ്റേഷനിൽ പരാതിപ്പെട്ടവർക്ക് അവരവരുടെ ആഭരണങ്ങൾ കമ്മിഷണർ കൈമാറി. ഡൽഹി, ഹരിയാന, മുംബൈ എന്നിവിടങ്ങളിലും ബാവരിയ ഗ്യാങ്ങിനെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുത്താണ് ഇവർ കവർച്ച നടത്തിയിരുന്നത്. വ്യക്തമായ രേഖകൾ ഇല്ലാത്തവർക്കു വീട് വാടകയ്ക്കു നൽകരുതെന്നും സ്ത്രീകളും പ്രായമായവരും രാവിലെ തനിയെ പുറത്തിറങ്ങരുതെന്നും കമ്മിഷണർ നിർദേശിച്ചു.