ഇനിയൊരിക്കൽ കൂടി നമ്മൾ കാണും !
എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്….
ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം…
അല്ലെങ്കിൽ,നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം….
എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ …
നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ…..
എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്..
എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ എന്നും തനിച്ചായിരുന്നു…..
മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല….
കാലം പോലെ നീയും അകന്നു മാറിയപ്പോൾ ഞാൻ മനസിലാക്കുന്നു..
സ്നേഹമൊരിക്കലും മൗനമായ് നടിക്കരുത്… മൗനത്തിന്റെ നിശബ്ദത സ്നേഹത്തെ നൊമ്പരപെടുത്തും..
എന്നെന്നേക്കുമായി നഷ്ടപ്പെടുത്തും……….
പക്ഷെ, വൈകിപ്പോയി………..
ഒരിയ്‌ക്കൽകൂടി കണ്ടുമുട്ടാമെന്നല്ലാതെ ഒരു കൂടിച്ചേരലിനോ ഏറ്റു പറച്ചിലിനോ ഈ ജന്മമിനി നമുക്കാവില്ല….
സ്വയമറിഞ്ഞു സ്വീകരിച്ച നഷ്ട്ടത്തിന്റെ നൊമ്പരം വെറുമൊരു ഓർമ്മ മാത്രമാവും..
എന്റെയീ യാത്ര അവസാനിക്കാറായ പോലെ തോന്നുന്നു..
ഈ നിമിഷത്തിലും പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു…. ഓർമ്മകൾ നോവിക്കുമെങ്കിലും നിന്റെയോർമ്മകളിലലിയാൻ നിന്നുമാഗ്രഹിക്കുന്നു….
എന്റെ വിറയാർന്ന കൈകളാൽ പകർത്തിയ ഈ അക്ഷരക്കൂട്ടങ്ങളെല്ലാം മിഴിനീരാൽ നനയുന്നുവെങ്കിലും പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു……..
നീ ചാരെ വന്നണയുന്ന ആ നിമിഷത്തിന്റെ സ്പന്ദനത്തിനു കാതോർത്തു……….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.