മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനിയായ രമാബായി രൺവീറാണ് മകളുടെ പഠനാവശ്യത്തിനായുള്ള തുക കണ്ടെത്താൻ മാരത്തണിൽ പങ്കെടുത്ത് വിജയം കൈവരിച്ചത്. മത്സരത്തിലൂടെ ലഭിച്ച 3,000 രൂപ സമ്മാനത്തുക മകളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് രമാബായി അറിയിച്ചു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗായിലാണ് സംഭവം നടന്നത്. ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എജുക്കേഷനൽ കോംപ്ലക്സിന്റെ അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായി മത്സരിച്ചത്. സ്പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ചെത്തിയ നിരവധി യുവാക്കളെയും യുവതികളെയും പിന്നിലാക്കിയാണ് ഇവർ ഒന്നാമതായി ഫിനിഷ് ചെയ്തത്.
അംബാജോഗായിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽനിന്ന് ആരംഭിച്ച ഓട്ടം ഭാഗ്യനഗർ ചൗക്കിലാണ് അവസാനിച്ചത്. സാരിയും സാധാരണ ചെരിപ്പും ധരിച്ചാണ് രമാബായി മത്സരത്തിനെത്തിയത്. എന്നാൽ ഓട്ടത്തിനിടയിൽ ചെരിപ്പുകൾ വഴുതി വേഗത കുറഞ്ഞതോടെ, മത്സരം ഉപേക്ഷിക്കാൻ തയ്യാറാകാതെ അവർ ചെരിപ്പ് ഊരി കൈയിൽ പിടിച്ച് ഓട്ടം തുടരുകയായിരുന്നു.
റോഡിലെ കല്ലുകളും മറ്റ് തടസ്സങ്ങളും കാലിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടും, ഉടുത്ത സാരി ശരിയാക്കിക്കൊണ്ട് അവർ ഓട്ടം തുടർന്നു. ഒടുവിൽ യുവ മത്സരാർഥികളെയെല്ലാം മറികടന്ന് രമാബായി തന്നെ ഫിനിഷിങ് പോയിന്റിൽ ആദ്യമെത്തി. അസാമാന്യ നിശ്ചയദാർഢ്യത്തോടെ വിജയം വരിച്ച രമാബായിയെ കൈയടികളോടെയാണ് കാണികളും സംഘാടകരും സ്വീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]