ബെംഗളൂരുവിൽ ഡേറ്റിങ് ആപ്പിൽ സുന്ദരിയുടെ ക്ഷണം; എസ്‌.യു.വി കാറിൽ കയറിയ യുവാവിന് നഷ്ടം 3.7 ലക്ഷം രൂപ

ബെംഗളൂരു: ഡേറ്റിങ് ആപ്പുകൾ കേന്ദ്രീകരിച്ച് യുവാക്കളെ ലക്ഷ്യമിടുന്ന വൻ തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ബെംഗളൂരുവിൽ പുറത്തുവന്നു. ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ കെണിയിൽപ്പെട്ട് 3.3 ലക്ഷത്തോളം രൂപയും ക്രെഡിറ്റ് കാർഡും നഷ്ടപ്പെട്ട സ്വകാര്യ കമ്പനി ജീവനക്കാരനായ 33-കാരന്റെ പരാതിയിൽ ഹെബ്ബഗോഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചന്ദപൂർ സ്വദേശിയായ യുവാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡേറ്റിങ് ആപ്പ് ഉപയോഗിച്ചുവരികയായിരുന്നു. ഇതിലൂടെയാണ് ഇലക്ട്രോണിക്സ് സിറ്റി സ്വദേശിയെന്ന് പരിചയപ്പെടുത്തിയ పూനം എന്ന യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ഓഗസ്റ്റ് 19-ന് രാത്രി ഇലക്ട്രോണിക്സ് സിറ്റി ഹുലിമംഗല മെയിൻ റോഡിലെ പബ്ബിന് സമീപം കാണാമെന്ന് യുവതി യുവാവിനെ അറിയിക്കുകയായിരുന്നു.

നിശ്ചിത സ്ഥലത്തെത്തിയ യുവാവിനെ ഒരു വെളുത്ത എസ്‌.യു.വി കാറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ടോയ്‌ലറ്റിൽ പോകാനെന്ന വ്യാജേന യുവതി കാർ നിർത്തിയതോടെ, നാലംഗ സംഘം എത്തി യുവാവിനെ ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മറ്റൊരു കാറിലേക്ക് മാറ്റി നഗരത്തിലുടനീളം സഞ്ചരിക്കുകയും വധഭീഷണി മുഴക്കി യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും കവരുകയും ചെയ്തു.

എ.ടി.എമ്മുകളിൽ നിന്ന് നിർബന്ധിച്ച് പണം പിൻവലിപ്പിക്കുകയും ക്രെഡിറ്റ് കാർഡ് വഴി സ്വയം ഇന്ധനം നിറയ്ക്കുകയും ചെയ്ത സംഘം, ഓഗസ്റ്റ് 20-ന് പുലർച്ചെ ക്രെഡിറ്റ് കാർഡ് പാസ്‌വേഡ് മാറ്റി 3.2 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. ആകെ 3.7 ലക്ഷം രൂപയോളം കവർന്ന ശേഷം ഓഗസ്റ്റ് 20 രാവിലെ ഇലക്ട്രോണിക്സ് സിറ്റി മെട്രോ സ്റ്റേഷന് സമീപം യുവാവിനെ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു. പോലീസിനെ സമീപിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്.

തുടർന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ശേഖരിച്ച് യുവാവ് ഓഗസ്റ്റ് 25-ന് ഹെബ്ബഗോഡി പോലീസിൽ പരാതി നൽകി. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്ത പോലീസ്, സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും കേന്ദ്രീകരിച്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts