സംസ്ഥാനത്ത് പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി ബാധയിൽ വൻ വർധന; രണ്ടു വർഷത്തിനിടെ കേസുകൾ ഇരട്ടിയിലധികമായി

ബെംഗളൂരു: കർണാടകയിൽ പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധത്തിലൂടെ (MSM) റിപ്പോർട്ട് ചെയ്യുന്ന എച്ച്.ഐ.വി / എയ്ഡ്സ് കേസുകളിൽ വൻ വർധനവുണ്ടാകുന്നതായി ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരം കേസുകളുടെ എണ്ണം 166-ൽ നിന്ന് 412 ആയി ഉയർന്നതായി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (കെ.എസ്.എ.പി.എസ്) വ്യക്തമാക്കി.

കർണാടക സർക്കാരിന്റെ എം.എസ്.എം (MSM) പ്രതിരോധ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന സജീവ പങ്കാളികളുടെ എണ്ണം 2023-24 വർഷത്തിലെ 44,581-ൽ നിന്ന് 2025-26 ആയപ്പോഴേക്കും 66,606 ആയി ഉയർന്നിട്ടുണ്ട്. സമാന ലൈംഗിക ബന്ധങ്ങളിൽ സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ശക്തമായ ബോധവൽക്കരണം നൽകിവരികയാണെന്ന് കെ.എസ്.എ.പി.എസ് പ്രോജക്ട് ഡയറക്ടർ പദ്മ ബി. പറഞ്ഞു. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചുണ്ടായ രോഗവ്യാപനമാണ് രോഗികളുടെ എണ്ണം പെട്ടെന്ന് ഉയരാൻ കാരണം. കൂടാതെ, സ്ത്രീ ലൈംഗികത്തൊഴിലാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം പുരുഷന്മാരുമായി ബന്ധപ്പെടുന്നതും കേസുകൾ വർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

എച്ച്.ഐ.വി, മറ്റ് ലൈംഗിക പകർച്ചവ്യാധികൾ എന്നിവയുടെ സാധ്യത വിലയിരുത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ ‘ബ്രേക്ക്‌ഫ്രീ’ (BreakFree) ആപ്പിൽ ചേരാൻ പൊതുജനങ്ങളെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തുടനീളമുള്ള 442 റെഡ് റിബൺ ക്ലബ്ബുകൾ വഴിയും ‘1097’ എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയും ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ഓഫീസുകൾ കേന്ദ്രീകരിച്ചും രണ്ടു മാസം നീളുന്ന പ്രത്യേക പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.

ഡേറ്റിങ് ആപ്പുകളുടെ വ്യാപനവും തുടർച്ചയായി പങ്കാളികളെ മാറ്റുന്നതും രോഗവ്യാപനം വർധിക്കാൻ പ്രധാന കാരണമാണെന്ന് ഇൻഫെക്ഷ്യസ് ഡിസീസ് സീനിയർ കൺസൾട്ടന്റ് ഡോ. സ്വാതി രാജഗോപാൽ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം കാരണം എച്ച്.ഐ.വിക്ക് പുറമെ സിഫിലിസ്, ഗൊണോറിയ തുടങ്ങിയ ലൈംഗിക രോഗങ്ങളും വർധിച്ചുവരികയാണ്. ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഗൊണോറിയ രോഗബാധ വർധിക്കുന്നത് ചികിത്സ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts