കൊച്ചി: വ്യക്തിജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടികൾക്ക് ശേഷം ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്തേക്ക് കരുത്തോടെ തിരിച്ചെത്തി സോഷ്യൽ മീഡിയ താരം അഖിൽ എൻ.ആർ.ഡി. ഭാര്യ വീടുവിട്ടിറങ്ങിപ്പോയതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അഖിൽ, പുതിയൊരു റീലിലൂടെയാണ് ലക്ഷക്കണക്കിന് ആരാധകർക്ക് മുന്നിലേക്ക് വീണ്ടും എത്തിയത്.
വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ രണ്ട് വർഷം മുൻപായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. എന്നാൽ അടുത്തിടെ ഭാര്യ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളുമാണ് മേഘയ്‌ക്കെതിരെ ഉയർന്നത്. എന്നാൽ, ഇത്തരം പ്രതിസന്ധിക്കിടയിലും പങ്കാളിയെ കുറ്റപ്പെടുത്താനോ പരസ്യമായി അധിക്ഷേപിക്കാനോ അഖിൽ മുതിർന്നില്ല. പങ്കാളിക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾ കാണാൻ താല്പര്യമില്ലെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുന്നതെന്നും അഖിൽ വ്യക്തമാക്കിയതായി സുഹൃത്തും റിയാലിറ്റി ഷോ താരവുമായ സായ് കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.
തിരിച്ചടികളിൽ തളരാതെ തിരിച്ചെത്തിയ അഖിലിന്റെ പുതിയ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലെത്തുന്ന അഖിൽ, സൗഹൃദങ്ങളിലെ സ്വാർത്ഥത പ്രമേയമാക്കിയാണ് പുതിയ റീൽ നിർമ്മിച്ചിരിക്കുന്നത്. ‘ചിരിച്ചേ ചിരിച്ചേ’ എന്ന വാക്കുകളോടെ അവസാനിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് അഖിലിന് പിന്തുണയുമായി എത്തിയത്. പ്രതിസന്ധികളെ ചിരിയോടെ നേരിട്ട് മുന്നേറാൻ അഖിലിന് സാധിക്കട്ടെയെന്ന് ആരാധകരും സഹപ്രവർത്തകരും ആശംസിച്ചു.
