ബെംഗളൂരു: രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കന്നഡ രാജ്യോത്സവ ദിനമായ നവംബർ 1-ന് ആരംഭിക്കാൻ സാധ്യത. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായിരിക്കും ഇത്. ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (SMVT) നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കായിരിക്കും (CSMT) ട്രെയിൻ സർവീസ് നടത്തുക. നവംബർ ഒന്നിന് ഉദ്ഘാടന സർവീസ് നടക്കുകയും നവംബർ രണ്ട് മുതൽ പതിവ് വണിജ്യ സർവീസുകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ഇതുസംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
യാത്രാസമയം 16 മണിക്കൂറായി കുറയും; താൽക്കാലിക ഷെഡ്യൂൾ ഇങ്ങനെ
നിലവിലെ താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ ബെംഗളൂരുവിലെ എസ്എംവിടി സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 7.50 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55 ന് മുംബൈ സിഎസ്എംടിയിൽ എത്തിച്ചേരും. ഈ റൂട്ടിലെ യാത്രയ്ക്ക് 16 മണിക്കൂറും 5 മിനിറ്റും സമയമാണ് എടുക്കുക. മടക്കയാത്രയിൽ മുംബൈ സിഎസ്എംടിയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും. മടക്കയാത്രയ്ക്ക് 15 മണിക്കൂറും 45 മിനിറ്റുമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇരു നഗരങ്ങൾക്കുമിടയിലുള്ള ട്രെയിൻ യാത്രയ്ക്ക് 22 മുതൽ 24 മണിക്കൂർ വരെ സമയം എടുക്കുന്നിടത്താണ് വന്ദേ ഭാരത് വലിയ സമയലാഭം നൽകുന്നത്.
ഗുണ്ടക്കൽ വഴി സർവീസ്; പ്രധാനമായും ഏഴ് സ്റ്റോപ്പുകൾ
ഗുണ്ടക്കൽ വഴിയായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. യാത്രക്കാർക്കായി അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോളാപൂർ, പൂനെ, കല്യാൺ എന്നീ ഏഴ് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാൻ സാധ്യതയുണ്ട്.
ബിഇഎംഎൽ നിർമ്മിത കോച്ചുകൾ; കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് വേണമെന്ന് ആവശ്യം
ബെംഗളൂരുവിലെ ബിഇഎംഎല്ലിൽ (BEML) നിർമ്മിച്ച 16 കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിൻ സെറ്റുകളാണ് ഈ റൂട്ടിൽ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിൽ ഇതിന്റെ പരീക്ഷണ ഓട്ടവും റെയിൽവേ പൂർത്തിയാക്കിയിരുന്നു. അതേസമയം, സർവീസ് നഗരമധ്യത്തിലുള്ള കെഎസ്ആർ ബെംഗളൂരു (ബെംഗളൂരു സിറ്റി) സ്റ്റേഷനിൽ നിന്ന് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിലെ പദ്ധതി പ്രകാരം എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും സർവീസ് തുടങ്ങുക. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവരുന്നതോടെ അന്തിമ ഷെഡ്യൂളിലും സ്റ്റോപ്പുകളിലും പൂർണ്ണ വ്യക്തത വരും.
