കൊച്ചി: വിവാഹത്തോട് തനിക്കൊരിക്കലും താല്പര്യം ഉണ്ടായിട്ടില്ലെന്നും സിംഗിളായി ജീവിക്കുന്നതിൽ പൂർണ്ണ സന്തോഷവതിയാണെന്നും പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചും തന്റെ ജീവിത വീക്ഷണങ്ങളെക്കുറിച്ചും രഞ്ജിനി തുറന്നുപറഞ്ഞത്. കഴിഞ്ഞ 20 വർഷമായി നിരന്തരം നേരിടുന്ന ചോദ്യമാണ് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതെന്നും, നിലവിൽ അതിന് താല്പര്യമില്ലെന്നും ഭാവി കാര്യങ്ങളിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
തനിക്ക് ഏഴ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതിനാൽ അമ്മ മാത്രമുള്ള കുടുംബ സാഹചര്യത്തിലാണ് വളർന്നത്. അതുകൊണ്ടുതന്നെ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ജീവിത സമവാക്യങ്ങൾ കുട്ടിക്കാലത്ത് കണ്ട് വളരാൻ സാധിച്ചിട്ടില്ല. ഇതാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് രഞ്ജിനി പറയുന്നു. 20-കളിൽ സ്വന്തം കരിയറും വ്യക്തിത്വവും രൂപപ്പെടുന്ന കാലമായതിനാൽ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും 28-30 വയസ്സായപ്പോഴാണ് സ്വയം തിരിച്ചറിവുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് തന്നെ എത്തണമെന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും രഞ്ജിനി പറഞ്ഞു. പങ്കാളികളുമായി ഡേറ്റ് ചെയ്യുമ്പോഴാണ് പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു ബന്ധത്തിൽ ആത്മാഭിമാനം പണയം വെച്ചോ അമിതമായി വിട്ടുവീഴ്ചകൾ ചെയ്തോ തുടരാൻ താല്പര്യമില്ല. സഹിച്ചും ത്യജിച്ചും ജീവിക്കുന്നതിനോട് യോജിപ്പില്ലാത്തതിനാലാണ് മുൻകാലങ്ങളിൽ ബ്രേക്കപ്പുകൾ സംഭവിച്ചതെന്നും, അത്തരം സാഹചര്യങ്ങളിൽ ബന്ധം അവസാനിപ്പിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി.
തന്റെ സ്വഭാവവും രീതികളും വ്യക്തമായി അറിയാവുന്നതുകൊണ്ട് അമ്മ പോലും ഒരിക്കലും വിവാഹം കഴിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും രഞ്ജിനി ഹരിദാസ് വീഡിയോയിൽ വ്യക്തമാക്കി.
