ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

ബെംഗളൂരു: നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. വലിയ സിവിൽ ജോലികളോ അധിക ചെലവുകളോ ഇല്ലാതെ നിലവിലുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതം സുഗമമാക്കുന്ന ‘എൻഫോഴ്‌സ്ഡ് ഈസി ഫ്ലോ കോറിഡോർ’ (EEFC) മാതൃകയാണ് അധികൃതർ നടപ്പിലാക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിൽ കഗ്ഗദാസപുര റെയിൽവേ ക്രോസിംഗിലും കഗ്ഗദാസപുര മെയിൻ റോഡിലുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിയത്.

പ്രധാന ജംഗ്ഷനുകളിലെ ഗതാഗത സ്വഭാവം പഠിച്ച് തിരക്കിന് കാരണമാകുന്ന തടസ്സങ്ങൾ തിരിച്ചറിഞ്ഞ് പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുന്ന രീതിയാണിത്. മൂന്ന് പ്രധാന റോഡുകളെയും ഒരു പ്രധാന ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന കഗ്ഗദാസപുരയിലെ 175 മീറ്റർ റോഡിലാണ് ഈ സിസ്റ്റം നിലവിൽ വന്നിട്ടുള്ളത്. റെയിൽവേ ക്രോസിംഗിൽ നിന്ന് കഗ്ഗദാസപുര മെയിൻ റോഡിലേക്ക് 50 മീറ്ററിലും, വിജ്ഞാനനഗർ റോഡിൽ 50 മീറ്ററിലും, മഹാദേവപുര റോഡിൽ 75 മീറ്ററിലുമാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.

പ്രത്യേകം രൂപകൽപ്പന ചെയ്ത ഭാരം കുറഞ്ഞ ബാരിക്കേഡുകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. 20 കിലോയിൽ താഴെ മാത്രം ഭാരമുള്ള ഈ ബാരിക്കേഡുകൾ ‘പുഷ്-പുൾ’ ചെയിൻ സംവിധാനം വഴി പരസ്പര ബന്ധിതമാണ്. ട്രാഫിക് പോലീസുകാർക്ക് വളരെ എളുപ്പത്തിൽ ഇവ മാറ്റാനും പുനഃക്രമീകരിക്കാനും സാധിക്കും. മാത്രമല്ല, ബാരിക്കേഡുകളിലെ പ്രത്യേക ഇന്റർലോക്ക് സംവിധാനം കാരണം ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾ എത്തുമ്പോൾ സെക്കന്റുകൾക്കുള്ളിൽ വഴിയൊരുക്കാൻ സാധിക്കുമെന്നത് പദ്ധതിയുടെ വലിയൊരു സവിശേഷതയാണ്.

ട്രാഫിക് സിഗ്നലുകൾക്ക് പുറമെ ഇടനാഴിയുടെ പ്രവേശന കവാടങ്ങളിൽ പ്രത്യേക സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ വാഹനം അച്ചടക്കത്തോടെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന് അധിക ചങ്ങലകളും നൽകിയിട്ടുണ്ട്. പൈലറ്റ് പദ്ധതി വിജയിച്ചതോടെ നഗരത്തിലെ മറ്റ് പ്രധാന കുരുക്ക് മേഖലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts