കൊച്ചി: കെഎസ്ആർടിസിയുടെ പുത്തൻ ബിസിനസ് ക്ലാസ് ബസുകൾ ഈ മാസം 15നകം സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്നോടിയായി ബസുകളുടെ ഉദ്ഘാടനം നിർവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണോദ്ഘാടനവും കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തമിഴ്‌നാടുമായുള്ള അന്തർ സംസ്ഥാന കരാർ കെഎസ്‌ആർടിസി ചൊവ്വാഴ്‌ച ഒപ്പിടും.
കെഎസ്ആർടിസിയുടെ 50 ബജറ്റ് ടൂറിസം ബസുകളാണ് തമിഴ്‌നാടിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കുക. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളും വിനോദസഞ്ചാര സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും. പകരം തമിഴ്‌നാടിന്റെ 50 ബസുകൾ മലയാള മാസം ഒന്നു മുതൽ ശബരിമലയിലേക്ക് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബിസിനസ് ക്ലാസ് യാത്രയുമായി കെഎസ്ആർടിസി
കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന ബിസിനസ് ക്ലാസ് ബസുകളിൽ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യം, പാൻട്രി, ശുചിമുറി, വിമാനത്തിലെ എയർ ഹോസ്റ്റസ് പോലെ ബസ് ഹോസ്റ്റസ് സൗകര്യം എന്നിവയുണ്ടാകും. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച്, നാലു മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
