പ്രണയം നിരസിച്ചതിലുള്ള പക: യുവതിക്ക് മേൽ പെട്രോളൊഴിച്ച് തീകൊളുത്തി കെട്ടിപ്പിടിച്ചു; വീഡിയോ കാണാം

ബെംഗളൂരു : പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ യുവതിക്ക് മേൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. മൈസൂരുവിലെ വിജയനഗറിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലുള്ള ഹലഗുരു ഗ്രാമവാസിയായ ചന്ദൻ (27) എന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ ചന്ദന്റെ നില ഗുരുതരമായി തുടരുകയാണ്. യുവാവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 20 ശതമാനം പൊള്ളലേറ്റ യുവതിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പി.യു.സി വിദ്യാഭ്യാസത്തിന് ശേഷം ഗ്രാമത്തിൽ കൃഷിപ്പണി ചെയ്തുവരികയായിരുന്ന ചന്ദൻ, കഴിഞ്ഞ മൂന്ന് വർഷമായി ഇതേ ഗ്രാമത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്റെ വിവാഹാഭ്യർത്ഥന യുവതിയും വീട്ടുകാരും നിരസിക്കുകയും ചന്ദന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ചുനാൾ ശാന്തനായിരുന്ന പ്രതി, കഴിഞ്ഞ ഒരാഴ്ചയായി യുവതിയെ വീണ്ടും നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങി.

വിജയനഗറിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന യുവതി കോളേജിലേക്ക് പോകുന്ന വഴിയിലാണ് ചന്ദൻ തടഞ്ഞുനിർത്തിയത്. തുടർന്ന് തന്റെ ശരീരത്തിലും യുവതിയുടെ ദേഹത്തും പെട്രോളൊഴിച്ച് കെട്ടിപ്പിടിച്ച് തീകൊളുത്തുകയായിരുന്നു. വഴിപോക്കരെ നടുക്കിയ ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനഗർ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. അടുത്തിടെ ശിവമോഗയിലും പ്രണയപ്പകയെ തുടർന്ന് യുവതിയുടെ പ്രതിശ്രുത വരന്റെ ബൈക്ക് മണികാന്ത് എന്ന യുവാവ് കത്തിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൈസൂരുവിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts