ഭാര്യയുടെ ക്വട്ടേഷൻ; ഭർത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേർ പിടിയിൽ

തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെയും കാമുകനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. നിലമ്പൂർ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് അതിക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നാലുദിവസം മുമ്പാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രണയത്തിലായിരുന്ന തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ മനസ്സിലാക്കിയ യുവാവിന്റെ ഭാര്യ തമിഴ്‌നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ ഇവരെ അപായപ്പെടുത്താൻ നിയോഗിക്കുകയായിരുന്നു. പോലീസ് ചമഞ്ഞാണ് ക്വട്ടേഷൻ സംഘം ലോഡ്ജിലെത്തിയത്.

തുടർന്ന് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും യുവതിയെയും കയ്യും കാലും കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തിരുപ്പൂരിലേക്കുള്ള യാത്രയിലുടനീളം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുപ്പൂരിന് സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളിയ ശേഷം, യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അതിക്രമത്തിന് ശേഷം സ്വദേശത്ത് തിരിച്ചെത്തിയ യുവതി മലപ്പുറത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് തുടർനടപടികൾക്കായി തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പങ്കാളിയായ ഒരാളെക്കൂടി ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts