അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, 20,000 കോടിയുടെ നിക്ഷേപം; പുതിയ ടെക്സ്റ്റൈൽ നയവുമായി കർണാടക സർക്കാർ

ബെംഗളൂരു: വസ്ത്രനിർമാണ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കർണാടക സർക്കാർ പുതിയ ടെക്സ്റ്റൈൽ ആന്റ് അപ്പാരൽ നയം (2026-2031) പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര-വിദേശ തലങ്ങളിൽ നിന്നായി 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച ഈ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

കല്യാണ കർണാടക മേഖലയ്ക്കും ടയർ-2, ടയർ-3 നഗരങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ് ഈ പദ്ധതി. വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട 34 താലൂക്കുകൾക്ക് പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഈ താലൂക്കുകളിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് അധിക ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാക്കും. കൂടാതെ, പട്ട് നൂൽ ഉൽപ്പാദനം, റീലിംഗ്, സ്പിന്നിംഗ് തുടങ്ങിയ പട്ടുനൂൽ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും ആദ്യമായി ഈ നയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക ഉൽപ്പാദന വ്യവസ്ഥ ശക്തമാക്കുക, ആഗോളതലത്തിൽ മത്സരക്ഷമത വർദ്ധിപ്പിച്ച് കയറ്റുമതി കൂട്ടുക, വിപണിബന്ധങ്ങൾ മെച്ചപ്പെടുത്തുക, മികച്ച നൈപുണ്യ വികസന സംവിധാനവും അത്യാധുനിക ടെക്സ്റ്റൈൽ ക്ലസ്റ്ററുകളും സ്ഥാപിക്കുക എന്നിവയാണ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൈത്തറി മേഖലയുടെ പുനരുജ്ജീവനം, ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ഉൽപ്പന്നങ്ങളുടെ പ്രചാരം, സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കൽ, പരിസ്ഥിതി സൗഹൃദ ഉൽപ്പാദന രീതികൾ ഉറപ്പാക്കൽ എന്നിവയ്ക്കും പുതിയ നയത്തിൽ വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts