നടി രാണ്യ റാവുവിന് 270.8 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ്

ബെംഗളൂരു: വൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ച് 102.5 കോടി രൂപ വിലമതിക്കുന്ന 127 കിലോയിലധികം സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടി ഹർഷവർദ്ധിനി രാണ്യ എന്ന രാണ്യ റാവുവിനും മറ്റ് മൂന്ന് പേർക്കുമായി 270.8 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ് വകുപ്പ്. ബെംഗളൂരു എയർപോർട്ട് ജോയിന്റ് കമ്മീഷണർ സന്ദീപ് ഗുഞ്ചാൽ പുറപ്പെടുവിച്ച ഉത്തരവിൽ സ്വർണ്ണക്കടത്തിന്റെ പ്രധാന ഉത്തരവാദി രാണ്യയാണെന്ന് വ്യക്തമാക്കുകയും 102.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന തരുൺ കൊണ്ടൂരു രാജുവിന് 62.1 കോടി രൂപയും സാഹിൽ സകരിയ ജെയിൻ, ഭരത് കുമാർ ജെയിൻ എന്നിവർക്ക് 53.1 കോടി രൂപ വീതവുമാണ് പിഴ ചുമത്തിയത്.

ദുബായിൽ നിന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്

2025 മാർച്ച് 3-ന് ദുബായിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രാണ്യ റാവുവിൽ നിന്ന് 12.6 കോടി രൂപ വിലമതിക്കുന്ന 14.2 കിലോ സ്വർണ്ണം പിടിച്ചെടുത്തതോടെയാണ് കേസിന്റെ തുടക്കം. കാലുകളിലും അരക്കെട്ടിലും പാന്റ്സിന്റെ പോക്കറ്റുകളിലും ഷൂസിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. കേസിലെ പ്രധാന പ്രതിയാണ് രാണ്യയെന്ന് കസ്റ്റംസ് ഉത്തരവിൽ വിശേഷിപ്പിച്ചു. ദുബായിൽ വെച്ച് സ്വർണ്ണം കൈമാറുന്നതിനും രേഖകൾ തയ്യാറാക്കുന്നതിനും തരുൺ നേതൃത്വം നൽകിയപ്പോൾ, ഇന്ത്യയിൽ സ്വർണ്ണം വിറ്റഴിക്കുന്നതിനും ഹവാല ഇടപാടുകളിലൂടെ പണം കൈമാറുന്നതിനുമാണ് സാഹിലും ഭരതും സഹായിച്ചിരുന്നത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ കോടികളുടെ സമ്പാദ്യം പിടിച്ചെടുത്തു

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള രാണ്യയുടെ വസതിയിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 2.7 കോടി രൂപയുടെ പണവും 2.1 കോടി രൂപയുടെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത സ്വർണ്ണവും പണവും മറ്റ് വസ്തുക്കളും കടത്തുമണ്ണിലൂടെ സമ്പാദിച്ചതാണെന്ന് വ്യക്തമാക്കിയ കസ്റ്റംസ് ഇവ പൂർണ്ണമായി കണ്ടുകെട്ടാൻ ഉത്തരവിട്ടു. ഇതിനു മുൻപായി മാത്രം 113 കിലോയിലധികം സ്വർണ്ണമടങ്ങിയ 14 കൺസൈൻമെന്റുകൾ ഇവർ രാജ്യത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമായി

വിമാനത്താവളത്തിലെ 16 മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ, 152 രേഖകൾ, മറ്റ് ഡിജിറ്റൽ-സാമ്പത്തിക വിവരങ്ങൾ എന്നിവ വിശകലനം ചെയ്ത ശേഷമാണ് കസ്റ്റംസ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 മാർച്ചിനും 2025 മാർച്ചിനുമിടയിലാണ് ഇത്രയും വലിയ തുകയുടെ സ്വർണ്ണക്കടത്ത് നടന്നിട്ടുള്ളത്. കസ്റ്റംസ് ഉത്തരവിനെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകാൻ പ്രതികൾക്ക് സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts