ബെംഗളൂരു: ഗവൺമെന്റ് ഏജൻസികളുടെ അംഗീകാരം കണ്ട് ഭവനപദ്ധതികളിൽ പണം നിക്ഷേപിച്ച പ്ലോട്ട് ഉടമകൾ വലിയ പ്രതിസന്ധിയിൽ. സൗത്ത് ബംഗളൂരുവിലെ കഗ്ഗലീപുരയ്ക്ക് സമീപം ബി.എം.ആർ.ഡി.എ (BMRDA) അംഗീകാരത്തോടെ വികസിപ്പിച്ച പ്ലോട്ടുകൾ പെരിഫറൽ റിംഗ് റോഡ്-2 (PRR-2) പദ്ധതിക്കായി ഏറ്റെടുക്കാൻ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (BDA) വിജ്ഞാപനം ഇറക്കിയതാണ് നൂറുകണക്കിന് ഉടമകളെ കണ്ണീരിലാഴ്ത്തിയത്. നിലവിലെ വിപണി വിലയുടെ പത്ത് ശതമാനം മാത്രം നഷ്ടപരിഹാരം നൽകാനാണ് ബി.ഡി.എ നീക്കമെന്നും ഇതിനെതിരെ സ്ഥലമുടമകൾ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കനകപുര റോഡിന് സമീപം ഗുളകമാലെയിലെ ‘ദി ഗാർഡൻസ്-4’, ‘എസ്.എൽ.വി കൃഷ്ണ ഗാർഡൻസ്’ എന്നീ ലേഔട്ടുകളിലെ 461 പ്ലോട്ട് ഉടമകളെയാണ് ഈ നടപടി നേരിട്ട് ബാധിച്ചിരിക്കുന്നത്. നാല് ഏക്കറിലധികം വരുന്ന ഈ ഭൂമി ഉൾപ്പെടെ ബംഗളൂരു അർബൻ ജില്ലയിലെ 31 ഗ്രാമങ്ങളിലായി 1,427 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് പെരിഫറൽ റിംഗ് റോഡ്-2 നായുള്ള അന്തിമ വിജ്ഞാപനം പുറത്തുവന്നത്.
വർഷങ്ങൾക്ക് മുൻപ് അതായത് 2021 ഡിസംബറിൽ കനകപുര പ്ലാനിംഗ് അതോറിറ്റിയുടെ അംഗീകാരവും 2022 ഒക്ടോബറിൽ കർണാടക റരയുടെ (RERA) രജിസ്ട്രേഷനും ലഭിച്ച ശേഷമാണ് ഈ സ്ഥലങ്ങളിൽ പ്ലോട്ടുകൾ വിൽപ്പന നടത്തിയത്. ബി.എം.ആർ.ഡി.എ, റര വെബ്‌സൈറ്റുകളിൽ കൃത്യമായി പരിശോധന നടത്തി, ഗവൺമെന്റ് അംഗീകൃത പ്രൊജക്റ്റുകളാണെന്ന് ഉറപ്പുവരുത്തി ഏഴു മാസം മുൻപ് വരെ സ്ഥലം വാങ്ങിയവരാണ് ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുന്നത്. ലേഔട്ടുകളായി വികസിപ്പിച്ച ഭൂമിയെ വിജ്ഞാപനത്തിൽ പഴയ ഉടമകളുടെ പേരിലുള്ള തരിശുഭൂമിയായാണ് ബി.ഡി.എ കാണിച്ചിരിക്കുന്നത്. റരയും ബി.എം.ആർ.ഡി.എയും നൽകിയ അംഗീകാരങ്ങളുടെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്ന സ്ഥലമുടമകൾ, പദ്ധതിയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെടുന്നു.
അതേസമയം, 2005-06 കാലഘട്ടത്തിൽ തന്നെ ബി.ഡി.എ ഈ ഭൂമി വിജ്ഞാപനം ചെയ്തതാണെന്നും മറ്റ് അതോറിറ്റികൾ അംഗീകാരം നൽകിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് ബി.ഡി.എ ഉദ്യോഗസ്ഥരുടെ നിലപാട്. പണമായിട്ടുള്ള നഷ്ടപരിഹാരത്തിന് പുറമെ വികസിപ്പിച്ച പ്ലോട്ടുകൾ, ടി.ഡി.ആർ (TDR), എഫ്.എ.ആർ (FAR) തുടങ്ങി അഞ്ച് തരം നഷ്ടപരിഹാര പാക്കേജുകൾ സർക്കാരിന്റെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുമെന്നും, രേഖകളിൽ പഴയ പേരുകളാണെങ്കിലും നിലവിലെ യഥാർത്ഥ പ്ലോട്ട് ഉടമകൾക്ക് തന്നെ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ബി.ഡി.എ അറിയിച്ചു.
