മലിനജലം കുടിപ്പിച്ചു, തടങ്കലിൽ വച്ച് മൃഗീയ മർദ്ദനം; മലയാളി വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്; 9 സഹപാഠികൾക്കെതിരെ വധശ്രമത്തിന് കേസ്, 5 പേർ കസ്റ്റഡിയിൽ

ബംഗളുരു : മലയാളി വിദ്യാർത്ഥിക്ക് നേരെ സഹപാഠികളായ മുതിർന്ന വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. തൃശൂർ ചാവക്കാട് സ്വദേശിയും പാണ്ഡേശ്വർ ശ്രീനിവാസ് കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയുമായ അമീർ അലിക്കും സഹപാഠിക്കുമാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജിലാണ് സംഭവം.

സംഭവത്തിൽ അമീർ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പത് മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, റാഗിംഗ് വിരുദ്ധ നിയമലംഘനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി മംഗളൂരു സൗത്ത് (പാണ്ഡേശ്വർ) പോലീസ് കേസെടുത്തു. കേസിൽ ഉൾപ്പെട്ട അഞ്ച് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് പേർ ഒളിവിലാണ്. കേസിൽ പ്രതികളായ എല്ലാവരും മലയാളി വിദ്യാർത്ഥികളാണെന്നതാണ് ശ്രദ്ധേയം.

പയ്യന്നൂർ എട്ടിക്കുളം സ്വദേശി എം.പി. റെഹാൻ (19), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഉവൈസ് (19), കോഴിക്കോട് ആക്കൽ വട്ടപ്പൊയിൽ സ്വദേശി മുഹമ്മദ് ആദിൽ (19), പയ്യന്നൂർ സ്വദേശി രോഹൻ രനൂഷ് (19), കണ്ണൂർ സ്വദേശി നഷീദ് അമീർ (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അർഷക്, അനീഷ്, വി.പി. ആദിൽ, ഷിനാസ് എന്നിവരാണ് നിലവിൽ ഒളിവിലുള്ളത്. പ്രതികളെല്ലാം ബിബിഎ ലോജിസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർത്ഥികളാണ്.

മുറിയിൽ തടങ്കലിൽ വച്ച് മൃഗീയ മർദ്ദനം

സെപ്റ്റംബർ 19-ന് ഉച്ചയ്ക്ക് കോളേജിന് പുറത്തുകൂടി നടന്നുപോകുകയായിരുന്ന അമീർ അലിയെയും സഹപാഠിയെയും മുതിർന്ന വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരെ ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഒരു മുറിയിൽ തടങ്കലിൽ വച്ചു. ചോദ്യം ചെയ്തപ്പോൾ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പീഡനത്തിനിടെ വിദ്യാർത്ഥികൾ ഭയന്ന് നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി ബെൽറ്റുകളും വസ്ത്രങ്ങൾ തൂക്കുന്ന ഹാങ്കറുകളും ഉപയോഗിച്ച് വീണ്ടും ആക്രമിച്ചു. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച കുട്ടികൾക്ക് മലിനജലം കുടിക്കാൻ നൽകുകയും, കുടിക്കാൻ തയ്യാറാകാതിരുന്നപ്പോൾ അത് ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഈ ക്രൂരതകളുടെ ദൃശ്യങ്ങൾ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തിയതായും വൈകിട്ട് ആറ് മണി വരെ പീഡനം തുടർന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.

പീഡനത്തിന് ഇരയായ വിദ്യാർത്ഥി നാട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരോടൊപ്പം മംഗളൂരുവിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts