തൃശൂർ/കാസർഗോഡ്: ട്രാൻസ്ജെൻഡർ വ്യക്തിയായ ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം ഉള്ളടക്കം പങ്കുവെച്ചെന്ന പരാതിയിൽ തനിക്കെതിരെ സ്റ്റേഷൻ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചതായി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ധന്യ. കേസിന്റെ ഭാഗമായി താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായും ധന്യ വിഡിയോയിലൂടെ വ്യക്തമാക്കി.
ശരീരസ്വാസ്ഥ്യവും ഗർഭിണിയാണെന്ന സാഹചര്യവും പരിഗണിച്ച് തൃശൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം കാസർഗോഡ് കളക്ടറേറ്റിന് സമീപമുള്ള പോലീസ് സ്റ്റേഷനിലെത്തിയാണ് ധന്യയുടെ മൊഴി രേഖപ്പെടുത്തിയത്. ഐ.ടി നിയമപ്രകാരമുള്ള കേസ് ആയതിനാൽ വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോൺ കസ്റ്റഡിയിലെടുക്കാൻ പോലീസിന് അധികാരമുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും ധന്യ പറഞ്ഞു. സ്റ്റേഷൻ ജാമ്യം ലഭിച്ചുവെങ്കിലും കേസുമായി ബന്ധപ്പെട്ട തുടർന്നുള്ള നടപടികൾക്കായി വിഷയം കോടതിയിലെത്തണമെന്നാണ് തന്റെയും ആവശ്യമെന്ന് അവർ കൂട്ടിച്ചേർത്തു.
കേസിൽ ധന്യയുടെ അറസ്റ്റ് വൈകുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ട്രാൻസ്ജെൻഡർ സമൂഹത്തിലെ അംഗങ്ങൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കുകയും ധന്യയുടെ മൊഴി രേഖപ്പെടുത്തി ഫോൺ പിടിച്ചെടുക്കുകയും ചെയ്തത്.
