ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ ആദ്യ ടിറ്റഗഢ് ട്രെയിൻ; സർവീസ് തുടങ്ങി; പക്ഷേ യാത്രക്കാർക്ക് ഉടനടി സർവീസ് കൂട്ടാത്തത് എന്തുകൊണ്ട്? അറിയാൻ വായിക്കു

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിൽ പുതിയ ടിറ്റാഗഢ്-സി.ആർ.ആർ.സി (Titagarh-CRRC) ട്രെയിൻ സർവീസിനായി എത്തിച്ചു. മഡവര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 33 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് ആറ് കോച്ചുകളുള്ള പുതിയ ട്രെയിൻ ഉൾപ്പെടുത്തിയത്. നിലവിലുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും മെട്രോയുടെ ട്രെയിൻ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം.

ടിറ്റാഗഢ് റെയിൽ സിസ്റ്റംസും ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷനും ചേർന്നാണ് ഈ ട്രെയിനുകൾ നിർമിക്കുന്നത്. ആദ്യ ട്രെയിൻ സെപ്റ്റംബർ 14-ന് ഗ്രീൻ ലൈനിൽ സർവീസിനായി ഉൾപ്പെടുത്തിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അധികൃതർ അറിയിച്ചു. ഉടൻ തന്നെ രണ്ട് ട്രെയിനുകൾ കൂടി ഈ പാതയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. എന്നാൽ, പുതിയ ട്രെയിനുകൾ എത്തിയെങ്കിലും സർവീസുകളുടെ എണ്ണം ഉടനടി വർധിക്കുകയോ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വർഷങ്ങളായി സർവീസ് നടത്തുന്നതും പത്ത് ലക്ഷത്തിലധികം കിലോമീറ്റർ സഞ്ചരിച്ചതുമായ പഴയ ട്രെയിനുകൾ ഘട്ടംഘട്ടമായി സമഗ്രമായ അറ്റകുറ്റപ്പണിക്ക് (Overhaul) വിധേയമാക്കാനാണ് പുതിയ ട്രെയിനുകൾ ഉപയോഗിക്കുക. സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഓരോ ട്രെയിൻസെറ്റും ഏകദേശം 15 ദിവസത്തോളം സർവീസിൽ നിന്ന് മാറ്റിനിർത്തി തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കും.

ഗ്രീൻ ലൈനിലേക്ക് ആകെ 21 പുതിയ ടിറ്റാഗഢ്-സി.ആർ.ആർ.സി ട്രെയിനുകളാണ് വരുന്നത്. 2027-ന്റെ രണ്ടാം പാദത്തോടെ ഇവ പൂർണ്ണമായി ലഭ്യമാകും. പശ്ചിമ ബംഗാളിലെ ഉത്തർപാറയിലുള്ള നിർമാണശാലയിലാണ് ബാക്കിയുള്ള 20 ട്രെയിനുകൾ തയ്യാറാകുന്നത്. ഈ പുതിയ ട്രെയിനുകൾ ഗ്രീൻ ലൈനിൽ പൂർണ്ണമായി വിന്യസിക്കുന്നതോടെ, നിലവിൽ ഇവിടെ ഓടുന്ന 17 ബെമൽ (BEML) ട്രെയിൻസെറ്റുകൾ തിരക്ക് കൂടുതലുള്ള പർപ്പിൾ ലൈനിലേക്ക് (ചല്ലഘട്ട – വൈറ്റ്ഫീൽഡ്) മാറ്റാനും ബി.എം.ആർ.സി.എൽ ലക്ഷ്യമിടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts