കോഴി മാലിന്യത്തിന് കിലോയ്ക്ക് 5 രൂപ ഫീസ്; പിന്നാലെ കർണാടക ഹൈക്കോടതിയിൽ സംഭവിച്ചത്!

ബെംഗളൂരു: പുതിയ മൃഗമാലിന്യ സംസ്കരണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) പുറപ്പെടുവിച്ച പൊതുവിജ്ഞാപനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബി.എസ്.ഡബ്ല്യു.എം.എല്ലിന്റെ നിർദേശങ്ങൾക്കെതിരെ കർണാടക പൗൾട്രി ട്രേഡേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പ്രസ്തുത വിഷയത്തിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) താൽക്കാലിക തിരിച്ചടി നേരിട്ടിരിക്കുകയാണ്.

പുതിയ ചട്ടപ്രകാരം കോഴി, ആട്, മീൻ എന്നിവയുടെ അവശിഷ്ടങ്ങളും അസ്ഥികളും അധികൃതർ അംഗീകരിച്ച സ്വകാര്യ സേവനദാതാക്കൾക്ക് മാത്രമേ കൈമാറാവൂ എന്നായിരുന്നു നിർദേശം. ഇതിനായി കിലോയ്ക്ക് അഞ്ചു രൂപയും അസ്ഥികൾക്ക് മൂന്നു രൂപയും ഫീസ് ഈടാക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. തുക നൽകാത്തവർക്കെതിരെ 2,000 രൂപ മുതൽ 3,000 രൂപ വരെ പിഴ ചുമത്താനും വ്യാപാര ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികൾ ഈ മാസം ആദ്യം പ്രതിഷേധങ്ങളും കടകൾ അടച്ചിട്ടുള്ള സമരവും നടത്തിയിരുന്നു.

ഇറച്ചി വ്യാപാരികൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾക്ക് വിപണിയിൽ വാണിജ്യ മൂല്യമുണ്ടെന്നും അവ പ്രോസസ്സ് ചെയ്ത് വളമായും മൃഗതീറ്റയായും മാറ്റി വരുമാനമുണ്ടാക്കുന്ന വ്യവസായങ്ങൾ നിലവിലുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇവരിൽ നിന്ന് സംസ്കരണ ഫീസ് ഈടാക്കുന്നത് ബിസിനസ്സ് ചെലവ് വർദ്ധിപ്പിക്കുമെന്നും ഇത് ഒടുവിൽ ഉപഭോക്താക്കൾക്ക് കോഴിയിറച്ചി വില കൂടാൻ കാരണമാകുമെന്നും വ്യാപാരികൾ വാദിച്ചു. നിലവിലെ വ്യവസ്ഥകൾ പരിഗണിക്കാതെയാണ് അതോറിറ്റി ഉത്തരവിറക്കിയതെന്ന് നിരീക്ഷിച്ച കോടതി, വ്യാപാരികളുടെ വാദം കേൾക്കാനും അവരുടെ നിലവിലുള്ള കരാറുകൾ സംരക്ഷിക്കാനാകുമോ എന്ന് പരിശോധിക്കാനും അതോറിറ്റിയോട് നിർദേശിച്ചു. കേസ് കൂടുതൽ വാദത്തിനായി നവംബർ അഞ്ചിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts