ഹൈദരാബാദ്: വിവാഹവാഗ്ദാനം നൽകി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ‘മഹാഭാരതം’ സീരിയലിലൂടെ ശ്രദ്ധേയനായ നടനും പ്രൊഫഷണൽ ഗുസ്തിക്കാരനുമായ സൗരവ് ഗുർജാറിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. യു.എസിൽ നിന്ന് തിരിച്ചെത്തിയ ഇൻഡോ-അമേരിക്കൻ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗച്ചിബൗളി പോലീസാണ് നടപടിയെടുത്തത്.
2021-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് സൗരവുമായി പരിചയപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് വാട്ട്സ്ആപ്പിലൂടെ ബന്ധം തുടരുകയും അതേവർഷം ഡിസംബറിൽ നേരിട്ട് കാണുകയുമായിരുന്നു. വിവാഹം കഴിക്കാമെന്നും ഇന്ത്യയിൽ ഒന്നിച്ച് പുതിയ ബിസിനസ്സ് തുടങ്ങാമെന്നും സൗരവ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് യു.എസിലെ ജോലി ഉപേക്ഷിച്ച് താൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതെന്ന് യുവതി വെളിപ്പെടുത്തി.
എന്നാൽ പിന്നീട് വിവാഹക്കാര്യം ചോദിക്കുമ്പോഴെല്ലാം നടൻ തന്നിൽ നിന്ന് ഒഴിഞ്ഞുമാറുകയും സോഷ്യൽ മീഡിയകളിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയിൽ കേസെടുത്ത് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഗച്ചിബൗളി പോലീസ് സൗരവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ടിവി സീരിയലായ ‘മഹാഭാരത’ത്തിലെ ഭീമന്റെ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സൗരവ് ഗുർജാർ, രൺബീർ കപൂർ ചിത്രമായ ‘ബ്രഹ്മാസ്ത്ര’യിലെ ‘ജോർ’ എന്ന കഥാപാത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
