കോറമംഗലയിൽ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന ഔഡി കാറിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കോറമംഗലയിൽ ആഡംബര കാറിനുള്ളിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് സ്വദേശിയായ സലീം അക്ബർ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ തെക്കുകിഴക്കൻ ബെംഗളൂരുവിലെ കോറമംഗല പൊലീസ് സ്റ്റേഷന് 400 മീറ്റർ അകലെ മെയിൻ റോഡിൽ നിർത്തിയിട്ടിരുന്ന ഓഡി കാറിലാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

രാവിലെ എട്ടു മണിയോടെ നാട്ടുകാരാണ് നിർത്തിയിട്ട കാറിനുള്ളിൽ ആളനക്കമില്ലാതെ ഒരാളെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കോറമംഗല പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ശനിയാഴ്ച അർധരാത്രിക്ക് ശേഷം, അതായത് പുലർച്ചെ 2.30 ഓടെയാണ് കാർ കോരമംഗല 8-ാം ബ്ലോക്കിലെ സാഗർ ഫാസ്റ്റ് ഫുഡിന് മുന്നിൽ വന്ന് നിർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഹൃദയാഘാതം ഉൾപ്പെടെയുള്ള ആരോഗ്യാവസ്ഥകളെത്തുടർന്നാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും നിലവിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റ്‌മോർട്ടത്തിന്റെയും വിശദമായ റിപ്പോർട്ടുകൾ ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ ക്രൈം സ്പോട്ട് ഓഫീസർമാരും ഫോറൻസിക് വിദഗ്ധരും കാറിൽ വിശദമായ പരിശോധന നടത്തി.

സലീം അക്ബറിന്റെ സഹോദരനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം എത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts