ഹൈദരാബാദ്: ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. ഖമ്മത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ. കെ. ജഗദീഷ് ബാബുവാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BB-യിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഖമ്മത്ത് നിന്നും കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് സ്വന്തം കാറോടിച്ച് പോവുകയായിരുന്നു അദ്ദേഹം.
യാത്രാമധ്യേ ഡോക്ടർ ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമെന്ന് സംശയിക്കുന്നതായി ഖമ്മം റൂറൽ സി.ഐ ജി. രാജശേഖർ അറിയിച്ചു.
ഇടിയുടെ ശക്തിയിൽ കാറിന് പെട്ടെന്ന് തീപിടിക്കുകയും മിനിറ്റുകൾക്കകം വാഹനം പൂർണമായും കത്തിയമരുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ ജഗദീഷിന് പുറത്തുകടക്കാൻ സാധിക്കാത്തതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
തീപിടിത്തത്തിൽ ശരീരം പൂർണമായി വെന്തുപോയതിനാൽ തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ പൊലീസിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഡോ. ജഗദീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചത്. അപകടവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഡോക്ടർമാരും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം തുടർന്നുള്ള പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂര്യപേട്ട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]