ബെംഗളൂരു: കുടക്-കേരള അതിർത്തിയിലെ മകുട്ട ചെക്ക് പോസ്റ്റിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. അതിർത്തി വഴി കടന്നുപോകുന്ന വാഹന ഡ്രൈവർമാരിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി പണം പിരിക്കുന്നതായി വിരാജ്പേട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രഞ്ജി പൂനാച്ച ആരോപിച്ചു.
കേരളത്തിൽ നിന്ന് ദിവസേന ആയിരക്കണക്കിന് ചരക്ക് വാഹനങ്ങളാണ് കുടകിലേക്ക് എത്തുന്നത്. സാധാരണ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് കുറഞ്ഞത് 30 രൂപ മുതൽ കല്ല്, ചരൽ, ഇഷ്ടിക തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ട്രക്കുകളിൽ നിന്ന് 3,000 രൂപ വരെയാണ് ചെക്ക് പോസ്റ്റിൽ ഈടാക്കുന്നത്. പരാതികൾ ഉയർന്നതിനെ തുടർന്ന് രഞ്ജി പൂനാച്ച മകുട്ട ചെക്ക് പോസ്റ്റിലെത്തി നേരിട്ട് പരിശോധന നടത്തുകയായിരുന്നു.
പരിശോധനയ്ക്കിടെ അപരിചിതനായ ഒരാൾ വിരാജ്പേട്ട് സിറ്റി പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപിന്റെ സാന്നിധ്യത്തിൽ രഞ്ജി പൂനാച്ചയ്ക്ക് പണം നൽകാൻ ശ്രമിച്ചു. പോലീസിന്റെ മുന്നിൽ വെച്ച് പണം നൽകാൻ ശ്രമിച്ചതിനെ രഞ്ജി പൂനാച്ച ചോദ്യം ചെയ്യുകയും ഈ തുക ചെക്ക് പോസ്റ്റിലേക്ക് എറിഞ്ഞു പ്രതിഷേധിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. അതിർത്തി ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് നടക്കുന്ന ഈ വൻ പണപ്പിരിവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യമുയർന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]