ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) ആസ്ഥാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. തിങ്കളാഴ്ചയാണ് ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ച വ്യാജ ഭീഷണിക്ക് പിന്നാലെയാണ് രണ്ടാമതും സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കെട്ടിടത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ന്യൂ ബി.ഇ.എൽ റോഡിലുള്ള ഐ.എസ്.ആർ.ഒ ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം ലഭിച്ചയുടൻ പോലീസും ഡോഗ് സ്ക്വാഡും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (ബി.ഡി.ഡി.എസ്) സ്ഥലത്തെത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഉടനടി പുറത്തെത്തിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് വൻ സ്ഫോടനം നടത്തുമെന്നായിരുന്നു ഒരു ഇമെയിൽ ഐഡിയിൽ നിന്നുവന്ന സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും, ജൂലൈ 2-ന് ലഭിച്ച മുൻപത്തെ വ്യാജ സന്ദേശവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും സഞ്ജയ് നഗർ പോലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച ലഭിച്ച വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലുമാണോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts