കെ.സുധാകരന് വീണ്ടും പാളി; കെജി ജോർജിന്റെ വിയോ​ഗത്തിൽ ‘ആളുമാറി’ അനുശോചിച്ചു; ‘അദ്ദേഹം നല്ല രാഷ്ട്രീയ നേതാവ്’, ട്രോളുകളുടെ പൂരം- വിഡിയോ കാണാം

തിരുവനന്തപുരം: അന്തരിച്ച വ്യഖ്യാത സംവിധായകൻ കെജി ജോർജിന്റെ വിയോ​ഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു ആളുമാറി പ്രതികരിച്ച് കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ.

ജോർജ് നല്ലൊരു പൊതുപ്രവർത്തകനായിരുന്നു നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ.ജി. ജോർജിന്‍റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെ.സുധാകരന്‍റെ മറുപടി: ‘അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതു പ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു.

കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. അതുകൊണ്ടു ഞങ്ങൾക്ക് അദ്ദേഹത്തോടു സഹതാപമുണ്ട്.

അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖവുമുണ്ട്’- സുധാകരന്റെ പ്രതികരണം.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. വലിയ തോതിൽ ട്രോളുകളും. പിന്നാലെ കെജി ജോർജിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സുധാകരൻ വാർത്താ കുറിപ്പ് ഇറക്കി.

‘വാണിജ്യ സാധ്യതകൾക്കൊപ്പം കലാ മൂല്യമുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ടു മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെജി ജോർജ്.

ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടു ചിരപരിചതമായ വഴികളിൽ നിന്നു അ​ദ്ദേഹത്തിന്റെ സിനിമകൾ വേറിട്ടു നിന്നു.

കെജി ജോർജിന്റെ വിയോ​ഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാർഥിക്കുന്നു’- സുധാകരൻ അനുസ്മരിച്ചു.

അതേസമയം നാക്കുപിഴയിൽ പ്രതികരണവുമായി കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. ജോർജ് എന്നൊരു കോൺ​ഗ്രസ് പ്രവർത്തകൻ മരിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായി സുധാകരനു ആത്മബന്ധമുണ്ടന്നും ആ ജോർജിന്റെ മരണത്തെക്കുറിച്ചാണ് മാധ്യമങ്ങൾ ചോദിക്കുന്നതെന്നും കരുതിയാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചെതെന്നും കോൺ​ഗ്രസ് പ്രവർത്തകർ വിശദീകരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us