ബെംഗളൂരു: ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. സ്കൂളിലെ പരിപാടിയില്‍ അവതരിപ്പിക്കാനായുള്ള പരിപാടിയുടെ റിഹേഴ്സല്‍ വീട്ടില്‍ വെച്ച് ചെയ്ത 12കാരനായ സഞ്ജയ് ഗൗഡയാണ് അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചത്. ഈ സമയത്ത് സഞ്ജയ് ഗൗഡ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തില്‍ വീടിനോട് ചേര്‍ന്ന് ഭക്ഷണശാല നടത്തുകയാണ്. ഇരുവരും രാത്രി ഒമ്പത് മണിയോടെ മടങ്ങി എത്തിയപ്പോഴാണ് മകനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്ന് ബദവനെ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ ഗീതമ്മ പറഞ്ഞു.
വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സീലിംഗ് ഫാനിലാണ് കുട്ടി തൂങ്ങിയത്. സഞ്ജയിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലന്‍ കയറുകൊണ്ട് കുരുക്കുണ്ടാക്കി ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിച്ചതാണെന്ന് പോലീസ് പറഞ്ഞു. നവംബർ 1 നാളെ രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ സാംസ്‌കാരിക പരിപാടിക്ക് വേണ്ടിയുള്ള നാടകത്തില്‍ ഭഗത് സിംഗിനെ അവതരിപ്പിക്കാനിരിക്കുകയായിരുന്നു കുട്ടിയെന്ന് പിതാവ് നാഗരാജ് പരാതിയില്‍ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ സ്കൂൾ അനുശോചനം രേഖപ്പെടുത്തി. എസ്‌എല്‍വി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു കുട്ടി.
ഭഗത് സിങ്ങിന്റെ വേഷം ചെയ്യാന്‍ ഒരു വിദ്യാര്‍ത്ഥിയോടും സ്കൂള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനാധ്യാപകന്‍ കെ ടി കൊട്രേഷ് പറഞ്ഞു. കര്‍ണാടക രാജ്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഫാന്‍സി ഡ്രസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കന്നഡയുടെ വികസനത്തിനും സമ്പന്നമായ സംസ്‌കാരത്തിനും പൈതൃകത്തിനും സംഭാവന നല്‍കിയ പ്രമുഖ വ്യക്തികളുടെ വേഷം അവതരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.