കോപ്പ അമേരിക്കയുടെ ക്ലാസിക്ക് ഫൈനലില്‍ അര്‍ജന്റീനയ്ക്ക് വിജയം

മാരക്കാന: കോപ്പ അമേരിക്കയുടെ ക്ലാസിക്ക് ഫൈനലില്‍, ചിരവൈരികളുടെ പോരാട്ടത്തില്‍ മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് ബ്രസീലിനെ 1-0നു വീഴ്ത്തി അര്‍ജന്റീന ചാംപ്യന്‍മാരായി. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്‌നം കൂടിയാണ് ഇതോടു കൂടി പൂവണിഞ്ഞത്.

22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ തകര്‍പ്പന്‍ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.

പരുക്കന്‍ അടവുകള്‍ തുടക്കം മുതല്‍ കണ്ട പോരാട്ടത്തില്‍ റഫറിക്കു പല തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നുു. ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി.

ഗോള്‍ മടക്കാന്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മഞ്ഞപ്പട കൈമെയ് മറന്നു പോരാടിയെങ്കിലും അര്‍ജന്റീന പ്രതിരോധത്തെയും ഗോളി മാര്‍ട്ടിനസിനെയും കീഴ്‌പ്പെടുത്താനായില്ല.

അര്‍ജന്റീനയുടെ 15ാമത്തെ കോപ്പ കിരീടവിജയമാണിത്. ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന ഉറുഗ്വേയുടെ റെക്കോര്‍ഡിനൊപ്പം അവര്‍ എത്തുകയും ചെയ്തു. 1993നു ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യത്തെ കോപ്പ വിജയം കൂടിയാണിത്. വളരെ ശ്രദ്ധയോടെയാണ് ഇരുടീമുകളും തുടങ്ങിയത്.

പന്ത് കൂടുതല്‍ സമയം കൈവശം കളിക്കാനായിരുന്നു ഇരുടീമുകളും ശ്രമിച്ചത്. പന്ത് നഷ്ടപ്പോഴെല്ലാം രണ്ടു ടീമുകളിലെയും കളിക്കാര്‍ അതു വീണ്ടെടുക്കാന്‍ ഫൗളുകളെ ആശ്രയിച്ചതോടെ കളി പലപ്പോഴും പരുക്കനായി മാറി.

ഒഴുക്കോടെയുള്ള ഫുട്‌ബോള്‍ രണ്ടു ടീമുകള്‍ നിന്നും കാണാനായില്ല. ആദ്യ 20 മിനിറ്റിലേക്കു ഗോളിലേക്കു ഒരു മികച്ച ശ്രമം പോലും അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ഭാഗത്തു നിന്നും കണ്ടില്ല. ഒടുവില്‍ 22ാം മിനിറ്റില്‍ തികച്ചും അപ്രതീക്ഷിതമായി കളിയിലെ ആദ്യ ഗോള്‍ പിറന്നു.

ബ്രസീല്‍ പ്രതിരോധത്തില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചയില്‍ നിന്നാണ് എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ ഡി മരിയ ഈയൊരു ഗോളോടെ കോച്ച് സ്‌കലോനിയുടെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. സ്വന്തം ഹാഫില്‍ നിന്നും ഡിപോളിന്റെ ലോങ് ബോള്‍ വലതു വിങില്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ ലോഡി പരാജയപ്പെടുന്നു.

ബോള്‍ പിടിച്ചെടുത്ത് കുതിച്ച ഡിമരിയ മുന്നോട്ട് കയറിയ ഗോളി എഡേഴ്‌സനെ കാഴ്ചക്കാരനാക്കി ഇടംകാല്‍ കൊണ്ട് വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു. 2004ല്‍ സെസാര്‍ ഡെല്‍ഗാഡോയ്ക്കു ശേഷം കോപ്പയുടെ ഫൈനലില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയ ആദ്യ താരം കൂടിയാണ് ഡിമരിയ. ഏഴു മിനിറ്റിനകം അര്‍ജന്റീന വീണ്ടും ബ്രസീല്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു.

ഗോള്‍ സ്‌കോററായ ഡിമരിയയായിരുന്നു ഇതിനു പിന്നില്‍. അതിവേഗ നീക്കത്തിനൊടുവില്‍ വലതുവിങിലൂടെ കട്ട് ചെയ്തു കയറി ഡിമരിയ ബോക്‌സിനരികില്‍ നിന്നു തൊടുത്ത കരുത്തുറ്റ ഇടംകാല്‍ ഷോട്ട് ക്യാപ്റ്റന്‍ തിയാഗോ സില്‍വ ബ്ലാക്ക് ചെയ്തു.

റീബൗണ്ടിലേക്ക് എത്താന്‍ ലൊറ്റാറോ മാര്‍ട്ടിനസ് ശ്രമിച്ചെങ്കിലും മാര്‍ക്വിഞ്ഞോസ് ബോള്‍ ക്ലിയര്‍ ചെയ്ത് അപകടമൊഴിവാക്കുകയായിരുന്നു. മല്‍സരത്തില്‍ സൂപ്പര്‍ താരം മെസ്സിയുടെ ആദ്യത്തെ മിന്നല്‍ നീക്കം കണ്ടത്.

ബ്രസീല്‍ ഗോള്‍മുഖത്തേക്ക് പന്തുമായി പറന്നെത്തിയ മെസ്സിയെ പക്ഷെ സില്‍വ സമര്‍ഥമായി പിടിച്ചുനിര്‍ത്തി. ബോള്‍ ക്രോസ് ചെയ്യാനോ സ്വതന്ത്രമായി ഷോട്ട് തൊടുക്കാനോയുള്ള പഴുത് സില്‍വ നല്‍കിയില്ല.

എങ്കിലും സില്‍വയുടെ കനത്ത വെല്ലുവിളിക്കിടെ മെസ്സി ഇടംകാല്‍ ഷോട്ട് തൊടുത്തെങ്കിലും പോസ്റ്റിന് അരികിലൂടെ പുറത്തുപോവുകയായിരുന്നു. 34ാം മിനിറ്റില്‍ മികച്ചൊരു പൊസിഷനില്‍ നിന്നും ബ്രസീലിനു സമനില ഗോള്‍ നേടാനുള്ള അവസരം. നെയ്മറെ അര്‍ജന്റീനയുടെ പരെഡെസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

ബോക്‌സിനരികില്‍ വലതു മൂലയില്‍ നിനിന്നുള്ള നെയ്മറുടെ ഫ്രീകിക്ക് പക്ഷെ അര്‍ജന്റീന പ്രതിരോധമതിലില്‍ തട്ടി തകര്‍ന്നു. 42ാം മിനിറ്റിലാണ് അര്‍ജന്റീന ഗോളി മാര്‍ട്ടിനസിന് ആദ്യത്തെ സേവ് നടത്തേണ്ടി വന്നത്. ഇടതു വിങില്‍ നിന്നും അര്‍ജന്റീന ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ എവേര്‍ട്ടന്റെ താഴ്ന്ന ഷോട്ട് നേരെ ഗോള്‍കീപ്പര്‍ മാര്‍ട്ടിനസിന്റെ കൈകകളില്‍ അവസാനിക്കുകയായിരുന്നു.

1-0ന്റെ ലീഡുമായി ഒന്നാംപകുതി അവസാനിപ്പിക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞു. ആക്രമണത്തിനു മൂര്‍ച്ച കൂട്ടുകയെന്ന ലക്ഷ്യത്തോടെ രണ്ടാംപകുതിയില്‍ ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇറങ്ങിയത്. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ ഫ്രെഡിനു പകരം സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയെ ഇറക്കി.

ആദ്യപകുതിയേക്കാള്‍ മികച്ച പ്രകടനമാണ് രണ്ടാംപകുതിയില്‍ ബ്രസീല്‍ കാഴ്ചവച്ചത്. 52ാം മിനിറ്റില്‍ റിച്ചാര്‍ളിസണ്‍ ബ്രസീലിനായി അര്‍ജന്റീന വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു. വലതു വിങിലൂടെയായിരുന്നു മുന്നേറ്റത്തിന്റെ തുടക്കം.

പക്ക്വേറ്റയുടെ ക്രോസ് ഒട്ടാമെന്‍ഡി ബ്ലോക്ക് ചെയ്തു. റീബൗണ്ട് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റിച്ചാര്‍ളിസണ്‍ വലയ്ക്കുള്ളിലാക്കിയെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി. മൂന്നു മിനിറ്റിനകം ബ്രസീലിന് മറ്റൊരു ഗോളവസരം. പക്ഷെ ഇത്തവണ ഗോളി മാര്‍ട്ടിനസ് അര്‍ജന്റീനയുടെ രക്ഷകനായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us