ബെംഗളൂരു സൗത്തിൽ നൂറോളം കെട്ടിടങ്ങൾ നിലംപൊത്തും; കെട്ടിടങ്ങള്‍ പൊളിക്കാൻ നിർദ്ദേശിച്ച് ബി.ബി.എം.പി.

ബെംഗളൂരു: അഴുക്ക് ചാലുകളെ തടസ്സപ്പെടുത്തി നിര്‍മ്മിച്ച നൂറോളം അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് ബി.ബി.എം.പി. വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമാകുന്ന തരത്തില്‍ ബെംഗളൂരു സൗത്തിൽ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ബി.എം.പി. കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് നടപടിക്ക് നിര്‍ദേശിച്ചത്.

ബി.ബി.എം.പി.യിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന്‌ ശേഷമാണ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അഴുക്കുചാല്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി നാശ നഷ്ടങ്ങളാണ് ബെംഗളൂരു സൗത്തിലുണ്ടായത്.

ഗുരുദത്ത ലേ ഔട്ട്, ദത്താത്രേയ നഗർ, ഹൊസക്കരഹള്ളി, പാരമൗണ്ട് ലേ ഔട്ട്, എന്നിവിടങ്ങളിലാണ് മഴ ദുരിതം വിതച്ചത്. അഴുക്കു ചാലുകൾ നിറഞ്ഞ് കവിഞ്ഞൊഴുകിയതോടെ വീടിനകത്തേക്ക് മലിന ജലം ഇരച്ചു കയറി. വീട്ടുപകരണങ്ങളും ഫർണീച്ചറുകളും ഭക്ഷണ സാധനങ്ങളും രേഖകളും നശിച്ചു. പലയിടങ്ങളിലും റോഡുകളും തകർന്നിട്ടുണ്ട്.

അതിനിടെ കനത്തമഴയിൽ വീടു തകർന്നതിനെത്തുടർന്ന് ബെംഗളൂരു ലക്കസാന്ദ്രയിലെ ഒരു കുടുംബം കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊതുസ്ഥലത്താണ് താമസിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലായി 700-ഓളം വീടുകളിൽ നാശനഷ്ടമുണ്ടായതായാണ് കണക്ക്.

ബെംഗളൂരുവിൽ ഒട്ടേറെ വീടുകളിൽ വെള്ളംകയറിയത് വൃത്തിയാക്കിവരുന്നതേയുള്ളൂ. വീടിനകത്തേക്ക് കയറിയ മലിനജലം നീക്കുന്നതിനിടെ വീണ്ടും വെള്ളം ഒലിച്ചുകയറുന്നത് വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. നിരവധി വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും മറ്റുരേഖകളും നശിച്ചു.

റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുകളിലേക്കും മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. വടക്കൻ കർണാടകത്തിൽ മഴ തുടരുന്നതിനാൽ പ്രളയഭീതി വിട്ടുമാറിയിട്ടില്ല. സംസ്ഥാനത്തെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ കേന്ദ്രത്തോട് 10,000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവിൽ കനത്തമഴയെത്തുടർന്ന് നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് സർക്കാർ 25,000 രൂപ വീതം നഷ്ടപരിഹാരം നൽകി. മഴയിൽ നിരവധി വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും വെള്ളം കയറിയിരുന്നു. കനാലുകളും അഴുക്കുചാലുകളും കരകവിഞ്ഞ് മലിനജലമാണ് പലയിടങ്ങളിലും കയറിയത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ ഉറപ്പുനൽകി. സൗത്ത് ബെംഗളൂരുവിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പലയിടങ്ങളിലും റോഡുകളും തകർന്നിട്ടുണ്ട്. കനാലുകളുടെയും തടാകങ്ങളുടെയും കരകൈയേറിയത് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us