നഗരത്തിൽ നാളെ മുതൽ ആകാശത്ത് വിസ്മയകാഴ്ചയൊരുക്കാൻ ‘എയ്‌റോ- ഇന്ത്യ’!!

ബെംഗളൂരു: നാളെമുതൽ ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തിൽ നടക്കുന്ന അഞ്ച് ദിവസത്തെ എയർ ഷോയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് വിസ്മയപ്പറവകളാകും. എയർ ഷോയിൽ രാജ്യത്തെ എയ്റോബാറ്റിക്സ് ടീമുകൾക്കു പുറമെ ആകാശക്കാഴ്ചയൊരുക്കാൻ അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമസേനാംഗങ്ങൾ എത്തും. ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനത്തിന്റെ പ്രകടനമായിരിക്കും ശ്രദ്ധേയം.

വിദേശ എയ്‌റോബാറ്റിക് ടീമിനോടൊപ്പം ഇന്ത്യയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീമും സാരംഗ് ഹെലികോപ്റ്റർ ടീമും പങ്കെടുക്കും. അമേരിക്കൻ വ്യോമസേനയുടെ കരുത്തായ ബി- 52, എഫ്- 16, സി- 17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ പ്രദർശനത്തിനെത്തും. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ്- 2000, മിഗ്-21, മിഗ്-27, സുഖോയ്, വിന്റേജ് വിമാനങ്ങളും പ്രകടനത്തിനെത്തും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 61 വിമാനങ്ങളാണെത്തുന്നത്.

ഇത്തവണത്തെ പ്രത്യേകതകളിലൊന്നു പൈലറ്റില്ലാ വിമാനങ്ങൾക്കായുള്ള ഡ്രോൺ ഒളിമ്പിക്സാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഡ്രോണുകൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. ലോകത്തിലെ പ്രതിരോധരംഗത്തെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ- ഇന്ത്യയിലൂടെ രാജ്യം മുന്നോട്ടുവെക്കുന്നത് നിക്ഷേപസാധ്യതകളാണ്.

യുദ്ധോപകരണങ്ങളുടെ വിപണിയായും നാല് ദിവസത്തെ എയർഷോ മാറും. പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം കമ്പനികൾ പങ്കെടുക്കും. എയ്‌റോസ്പേസ് രംഗത്ത് കൂടുതൽ നിക്ഷേപം സമാഹരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഐ.എസ്.ആർ.ഒ, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ്, ഡി.ആർ.ഡി.ഒ, ഭാരത് ഇലക്‌ട്രിക്കൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ബെംഗളൂരുവിലാണ്.

വ്യോമസേനാതാവളത്തിന്റെ 16 കിലോമീറ്റർ ചുറ്റളവിൽ വ്യോമനിയന്ത്രണവും ഏർപ്പെടുത്തി. എയർഷോ കാരണം കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചു. കേന്ദ്ര സേനയും പോലീസും ചേർന്നാണ് എയർ ഷോയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണ് വ്യോമസേനാതാവളം. താവളത്തിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us